‘പ്രശ്നമില്ല, നിങ്ങളാരും വരണ്ട’: ആൽവിൻ തെറിച്ചുയർന്ന് റോഡിൽ തലയടിച്ചു വീണു; കാറുകൾക്ക് അമിതവേഗമായിരുന്നെന്ന് നാട്ടുകാർ
Mail This Article
കോഴിക്കോട് ∙ റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ, കാറുകൾ അമിതവേഗത്തിൽ കുതിക്കുകയായിരുന്നെന്നു നാട്ടുകാർ. രാവിലെ ഏഴു മണിയോടെയാണ് ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്ത് റോഡിൽ എത്തിയത്. ആൽവിനെ സ്റ്റേഷനു മുന്നിൽ ഇറക്കിയ ശേഷം കാറുകൾ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു. അപ്പോഴേക്കും ആൽവിൻ റോഡിന്റെ മധ്യത്തിൽനിന്നു വിഡിയോ ചിത്രീകരണം ആരംഭിച്ചു.
അതിവേഗത്തിൽ കുതിച്ചു വരുന്ന കാറുകൾക്ക് നിയന്ത്രണം വിട്ടെന്നു തോന്നിയ ആൽവിൻ പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും ഒരു കാർ ഇടിച്ചു. തെറിച്ചുയർന്ന ആൽവിൻ റോഡിൽ തലയടിച്ചു വീണു. നട്ടെല്ലിനും പരുക്കേറ്റു. കാറുകളിലുണ്ടായിരുന്നവർ ഉടൻ ആൽവിനെ എടുത്തു കാറിൽ കയറ്റി കൊണ്ടുപോയി. സമീപത്തുള്ളവർ ഓടിയെത്തിയപ്പോൾ ‘പ്രശ്നമില്ല സഹോദരൻ കാറിലുണ്ട്, നിങ്ങളാരും വരണ്ട’ എന്നു പറഞ്ഞതായും നാട്ടുകാർ പറഞ്ഞു.
ഈ ഭാഗത്തു വാഹനങ്ങൾ അപകടകരമായി ഓടിച്ചു റീൽസ് എടുക്കുന്നതു പതിവാണെന്നു നാട്ടുകാർ പറഞ്ഞു. അതിരാവിലെ ബൈക്ക്, കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമായി എത്തി റീൽസ് നിർമിക്കുകയാണ്. വാഹനങ്ങൾ അതിവേഗത്തിലും കാതടപ്പിക്കുന്ന ശബ്ദത്തിലും മറ്റും ഓടിച്ചാണു റീൽസ് എടുക്കുന്നത്. അതിനിടയിൽ ആളുകൾ നടന്നു പോകുന്നതും മറ്റു വാഹനങ്ങൾ പോകുന്നതും ഒന്നും ശ്രദ്ധിക്കില്ല. പ്രഭാത സവാരിക്കു ബീച്ചിലെത്തുന്നവർ ഭയന്നാണു നടക്കുക. അപകടസമയത്ത് രണ്ടു കാറുകളും അടുത്തടുത്തായി ഓടുകയായിരുന്നു. അവ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയായിരുന്നു.
അതിനിടെ, അപകടം വരുത്തിയ കാർ മാറ്റാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നു. ആദ്യം പൊലീസ് പറഞ്ഞ കാർ നമ്പർ അപകടം വരുത്തിയ മത്സര ഓട്ടത്തിൽ പങ്കെടുത്ത രണ്ടു കാറുകളുടേതും അല്ലായിരുന്നു. പിന്നീട് രണ്ടു കാറുകളും വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസ് കസ്റ്റഡിയിൽ എടുത്തു. രണ്ടു ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.