കോടതിയുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാൻ കക്ഷി ചേർക്കണമെന്ന് അപേക്ഷ; കോടതിക്ക് ശേഷിയുണ്ടെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി∙ കോടതിയുടെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാൻ സഹജമായ ശേഷി കോടതിക്കു തന്നെ ഉണ്ടെന്നും പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണു പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു കോടതിയുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാൻ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേസിൽ ഹർജിക്കാരൻ ഇടപെടേണ്ട സാഹചര്യമില്ല എന്നു വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ എടുത്ത 32 കേസുകളിൽ നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. 11 കേസുകൾ ഒരു അതിജീവിതയുടെ പരാതിയിൽനിന്നു മാത്രമെടുത്ത കേസുകളാണ്. നാലു കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോൾ തെളിവുകളില്ലാത്തതിനാൽ അവസാനിപ്പിച്ചു. 4 കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് അന്വേഷണ സംഘം ഡിജിപിയുടെ അനുമതി തേടിയിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
ഇതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് വിമൻ ഇൻ കലക്ടീവ് നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ പലർക്കും ഭീഷണിയും പ്രലോഭനവും ഉണ്ടെന്നും അതിനാൽ സംരക്ഷണം വേണമെന്നും ഡബ്ല്യുസിസി കോടതി മുമ്പാകെ അറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കോടതി നോഡൽ ഓഫിസറെ നിയോഗിക്കാൻ കോടതി നിർദേശിച്ചിരുന്നു. നോഡൽ ഓഫിസറായി പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ജി.പൂങ്കഴലിയെ നിയമിച്ച കാര്യം സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു.
േഹമ കമ്മിറ്റി സംബന്ധിച്ചു നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്ന നിർമാതാവായ സജിമോൻ പറയിലിന്റെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. െമാഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ താൻ ആവശ്യപ്പെടാതെ തന്നെ കേസെടുക്കുകയും ഇതുമായി ബന്ധപ്പെട്ട് യാതൊരു ബന്ധമില്ലാത്തവരെയും എസ്ഐടി ബുദ്ധിമുട്ടിക്കുന്നു എന്നു കാണിച്ച് ചലച്ചിത്ര നടി നൽകിയ ഹർജിയും സുപ്രീം കോടതി മുമ്പാകെയുണ്ട്.