‘അതിശക്തമായ ഭരണവിരുദ്ധ വികാരമെന്നതിന്റെ തെളിവ്; ഈ വിജയം 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഊർജം’
Mail This Article
തിരുവനന്തപുരം ∙ അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് യുഡിഎഫ് നിലനിര്‍ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിജയം യുഡിഎഫിന് ഊര്‍ജ്ജം പകരുമെന്നും സതീശൻ പറഞ്ഞു.
13ല്‍ നിന്ന് 17 ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയര്‍ത്തി. പാലക്കാട് തച്ചന്‍പാറ, തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചു. എല്‍ഡിഎഫില്‍നിന്ന് 9 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍നിന്ന് 11 ലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ കഴിഞ്ഞ തവണത്തേതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യുഡിഎഫ് നിലനിര്‍ത്തിയത്.
മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡ് 35 വര്‍ഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാര്‍ഡ് രണ്ടു പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ മൂന്നിടത്തും യുഡിഎഫ് വിജയിച്ചു. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും സതീശൻ പറഞ്ഞു.