ADVERTISEMENT

കോട്ടയം∙ വൈക്കം കായലിലോളം കാണുമ്പോൾ‌ അൻപുറ്റ മണിമാരനെ കാത്തിരുന്ന നായികയെപ്പോലെയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ആ കാത്തിരിപ്പ്. തന്തൈ പെരിയാർ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ നൂറാം വാർ‌ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ആയിരുന്നു വേദി. വൈക്കം കായലിനോട് ചേർന്നു കിടക്കുന്ന വേദിയിൽ നേരം പുലർന്നപ്പോൾത്തന്നെ എത്തിയത് ആയിരങ്ങൾ. 

 നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന നിർവ്വഹിക്കുന്നു. ചിത്രം: പിആർഡി
നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന നിർവ്വഹിക്കുന്നു. ചിത്രം: പിആർഡി

വൈക്കം പട്ടണത്തിന് ഒരു കിലോമീറ്റർ മുൻപുതന്നെ എവിടെത്തിരിഞ്ഞാലും തമിഴ്നാട് റജിസ്ട്രേഷൻ കാറുകളും ബസുകളും. റോഡിന്റെ ഇരുവശവും സ്റ്റാലിന്റെയും പിണറായി വിജയന്റെയും കട്ടൗട്ടുകൾ. ജംക്‌ഷനിൽ ബഹുവർണ പതാകകൾ‌. ഓരോ കവലയിലും കേരള പൊലീസ്. വൻ സുരക്ഷാ സന്നാഹത്തിനിടെ, സ്റ്റാലിനെ കാണാനും കൈവീശാനും കടകൾക്കും വീടുകൾക്കും മുന്നിൽ തടിച്ചുകൂടി പ്രദേശവാസികൾ. 

സിനിമ സെറ്റിനെ വെല്ലുന്ന കൂറ്റൻ പ്രവേശന കവാടമാണ് സമ്മേളന വേദിക്കായി ഒരുക്കിയിരുന്നത്. പ്രവേശന കവാടത്തിനു നടുവിൽ തന്തൈ പെരിയാർ, ഇടത്തും വലത്തുമായി സ്റ്റാലിനും പിണറായി വിജയനും. സമ്മേളനത്തിന് എത്തിയവരെല്ലാം കവാടത്തിനു മുന്നിൽ നിന്നു ഗ്രൂപ്പ് ഫോട്ടോക്കും സെൽഫിക്കും വേണ്ടിയുള്ള തിരക്കിലായിരുന്നു. ഇതിനിടെ ഉത്സവത്തിനെന്ന പോലെ പൊടിപൊടിച്ച് ഐസ്ക്രീം വിപണി. കവാടത്തിനു വലതുവശം പൂക്കാവടി, ഇടതുവശം പഞ്ചാരിമേളം.

10.05ന് തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ഇരു മുഖ്യമന്ത്രിമാരും എത്തിയത് വിവിധ ഭാഗങ്ങളിൽ വച്ചിട്ടുള്ള ബിഗ് സ്ക്രീനുകളിൽ കാണിച്ചപ്പോൾ തന്നെ ആർപ്പുവിളിയും വിസിലടിയും തുടങ്ങി. സിനിമയ്ക്കു മുന്നേയുള്ള ട്രെയിലർ മാത്രമായിരുന്നു ആ ആവേശം. കാത്തിരിപ്പ് അവസാനിപ്പിച്ച് 10.45 ഓടെ സ്റ്റാലിൻ വേദിക്കരികിലേക്ക് വൻ സുരക്ഷ സന്നാഹത്തിൽ വന്നിറങ്ങിയതും തമിഴ്നാട്ടിൽ നിന്ന് എത്തിയവരുടെ ആവേശം പരകോടിയിലെത്തി. പിണറായിക്കും കയ്യടി നൽകാൻ അവർ മറന്നില്ല.

 നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിലെ ലൈബ്രറിക്കു മുന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. ഫ്രാൻസിസ് ജോർജ് എംപി, മന്ത്രി വി.എൻ.വാസവൻ, ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി, മന്ത്രി സജി ചെറിയാൻ എന്നിവർ സമീപം. ചിത്രം: പിആർഡി
നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിലെ ലൈബ്രറിക്കു മുന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. ഫ്രാൻസിസ് ജോർജ് എംപി, മന്ത്രി വി.എൻ.വാസവൻ, ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി, മന്ത്രി സജി ചെറിയാൻ എന്നിവർ സമീപം. ചിത്രം: പിആർഡി

പ്രധാന വേദിയിലും സമീപത്തും സ്ഥാപിച്ചിരുന്ന എല്ലാ ബോർഡുകളിലും മലയാളവും തമിഴും ഉപയോഗിച്ചിരുന്നു. അവതാരകയും ഇരു ഭാഷകളിലായാണ് സംസാരിച്ചത്. സാമൂഹിക നീതിക്കു വേണ്ടി ചേർത്തുപിടിച്ച കൈകൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി വീണ്ടും ഒരുമിച്ചിരിക്കുന്നു എന്നാണ് പിണറായിയും സ്റ്റാലിനും സ്റ്റേജിൽ ഇരുന്നപ്പോൾ അവതാരക പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു പിന്നീട്. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ കേരള സർക്കാരിന്റെ എല്ലാ പ്രതിനിധികളെയും എം.കെ. സ്റ്റാലിൻ ആദരിച്ചു. സ്വർണനിറത്തിലുള്ള പൊന്നാട ചാർത്തിയും വൈക്കം സത്യഗ്രഹത്തിന്റെ ഓർമകൾ ഉണർത്തുന്ന ശിൽപം നൽകിയുമായിരുന്നു ആദരം. സംസ്ഥാന സർക്കാരിന്റെ ഉപഹാരമായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടിന്റെ എല്ലാ പ്രതിനിധികൾക്കും കസവ് പൊന്നാട ചാർത്തി. ഉപഹാരമായി കേരളത്തിന്റെ ഭൂപടത്തിന്റെ നടുവിൽ ആറന്മുള കണ്ണാടി പതിപ്പിച്ച ചെറുശിൽപമാണ് നൽകിയത്.

ദ്രാവിഡ കഴകത്തിന്റെ പ്രസിഡന്റ് വീരമണിക്കായിരുന്നു സ്റ്റാലിൻ കഴിഞ്ഞാൽ കൂടുതൽ കയ്യടിയും വിസിലടിയും കിട്ടിയത്. ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമിയേയും പരാമർശിച്ചായിരുന്നു അദ്ദേഹം പ്രംസംഗം ആരംഭിച്ചത്. തന്തൈ പെരിയാറിന്റെ ഡോക്യുമെന്ററി പ്രദർശനം തമിഴ് സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത്രയും ആവേശത്തോടെയാണ് വേദിയിൽ പ്രദർശിപ്പിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം പറഞ്ഞുതുടങ്ങിയ ഡോക്യുമെന്ററിയിൽ തന്തെ പെരിയാർ ട്രെയിനിൽ‌ വരുന്ന ഭാഗം എത്തിയപ്പോഴേക്കും സദസ് ഒന്നാകെ ഇളകിമറിഞ്ഞു. തമിഴ് സൂപ്പർ സ്റ്റാറിന്റെ ഇൻട്രോക്ക് കിട്ടുന്ന വരവേൽപ്പായിരുന്നു അവിടെ കണ്ടത്. ക്ലൈമാക്സ് വരെ ആർപ്പുവിളിയും വിസിലടിയും കയ്യടിയും നീണ്ടു.

 നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിലെ മ്യൂസിയം സന്ദർശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവർ സമീപം. ചിത്രം: പിആർഡി
നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിലെ മ്യൂസിയം സന്ദർശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവർ സമീപം. ചിത്രം: പിആർഡി

അവകാശങ്ങൾക്കായി സിംഹത്തെ പോലെ ഗർജിക്കുന്ന പിണറായി എന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രിയെ അവതാരക പ്രസംഗിക്കാനായി ക്ഷണിച്ചത്. പതിവുപോലെ പതിഞ്ഞ താളത്തിൽ തുടങ്ങിയ പ്രസംഗത്തിൽ വൈക്കം സത്യഗ്രഹത്തിന്റെയും തന്തൈ പെരിയാറുടെയും ചരിത്രം കടന്നുവന്നു. തന്തൈ പെരിയാറുടെ ഭാര്യ നാഗമ്മയെപ്പറ്റി അദ്ദേഹം പരാമർശിച്ചപ്പോൾ വീണ്ടും കയ്യടി. കാലം തങ്കലിപികളിൽ എഴുതുന്ന ചരിത്ര ദിവസമെന്നായിരുന്നു സ്റ്റാലിൻ പ്രസംഗം തുടങ്ങിയത്, ആദ്യാവസാനം ആവേശം.

വൈക്കം ജംക്ഷനിൽ ടി.കെ. മാധവന്റെ പ്രതിമയുണ്ട്. അഭിമുഖമായി നിൽക്കുന്നത് ഭാരത കേസരി മന്നത്തു പത്മനാഭൻ. ഒരു ഭാഗത്ത് എല്ലാം വീക്ഷിച്ച് എംജിആറും ഭാര്യയും. ഒരു ജനതയുടെ സ്നേഹത്തിന്റെ പ്രതീകമായി രണ്ട് സംസ്ഥാനങ്ങളുടെ ഇഴപിരിയാത്ത അടുപ്പത്തിന്റെ അടയാളമായി വൈക്കം വീരൻ എന്ന് അറിയപ്പെടുന്ന തന്തൈ പെരിയാറിന്റെ മുഖംമിനുക്കിയ പ്രതിമയും ഇനി അവിടെയുണ്ടാകും.

കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം.കെ.സ്റ്റാലിൻ എന്നിവർ വൈക്കത്തു തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനവേദിയിൽ. ചിത്രം: വിഷ്ണു സനൽ / മനോരമ
കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം.കെ.സ്റ്റാലിൻ എന്നിവർ വൈക്കത്തു തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനവേദിയിൽ. ചിത്രം: വിഷ്ണു സനൽ / മനോരമ
English Summary:

Vaikom Satyagraha: centenary celebrations witnessed a historic gathering, uniting Tamil Nadu Chief Minister M.K. Stalin and Kerala Chief Minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com