‘നേതാവാണ് അവസാന വാക്കെന്ന് കരുതരുത്’; കരുനാഗപ്പള്ളിയിൽ നിന്ന് ഒരാളും ഇല്ലാതെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി
Mail This Article
കൊല്ലം ∙ നേതാവാണ് എല്ലാത്തിന്‍റെയും അവസാന വാക്കെന്ന് കരുതരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനങ്ങളാണ് അവസാന വാക്കെന്നും തെറ്റായ ഒരു പ്രവണതയും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളിയിലെ വിഭാഗീയതയിലാണ് സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ്. പി.ആർ.വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കരുനാഗപ്പള്ളിയിൽ നിന്ന് ഒരാളെപ്പോലും പുതിയ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താതെയാണ് വിഭാഗീയതയ്ക്ക് ജില്ലാ സമ്മേളനം മറുപടി കൊടുത്തത്.
എസ്. സുദേവനെ രണ്ടാമതും കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കരുനാഗപ്പള്ളി വിഷയത്തിൽ അടക്കം നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നെങ്കിലും സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്ന ജില്ലയിൽ സെക്രട്ടറിയെ മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ 4 പുതുമുഖങ്ങൾ ഉൾപ്പടെ 44 പേരെയാണ് തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി എന്നിവർ അടക്കം 9 പേരെ ഒഴിവാക്കി. 2 ഒഴിവിലേക്ക് പിന്നീട് അംഗങ്ങളെ നിശ്ചയിക്കും.