ആ ‘വൗ’ ഒരാൾക്കു മതി, പുറത്തെടുക്കേണ്ട: പേരുപോരിൽ ഹൈക്കോടതിയുടെ ഇടക്കാലവിധി

Mail This Article
ന്യൂഡൽഹി ∙ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഡൽഹി ഹൈക്കോടതി ഇടക്കാലവിധി പറഞ്ഞു: ‘തൽക്കാലം വൗ അവരുടെ കയ്യിൽ ഇരിക്കട്ടെ’. പേരിനെച്ചൊല്ലിയുള്ള പോരാണു വിഷയം. പ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ ‘വൗ മോമോസ്’ ആണ് പരാതിക്കാർ. എതിർകക്ഷി ഗുരുഗ്രാം സുഭാഷ് ചൗക്കിലെ ‘വൗ ഡെലീഷ്യസ്’ എന്ന റസ്റ്ററന്റ്.
ഗുരുഗ്രാമിലെ റസ്റ്ററന്റ് കടയുടെ പേരിനൊപ്പം ‘വൗ’ എന്ന് ചേർത്തതാണ്, ഇന്ത്യയിലുടനീളം ശാഖകളുള്ള വൗ മോമോസിനെ പ്രകോപിപ്പിച്ചത്. തുടർന്ന്, തങ്ങളുടെ ട്രേഡ്മാർക്ക് ഉപയോഗിക്കുന്നതിൽനിന്ന് വൗ ഡെലീഷ്യസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചു.
ട്രേഡ്മാർക്ക് ചട്ടമനുസരിച്ച് ‘വൗ’ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ആ വാക്ക് പേരിനൊപ്പം റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു വൗ മോമോസിന്റെ അഭിഭാഷകൻ അങ്കുർ സംഗലിന്റെ വാദം. ഇക്കാര്യം കണക്കിലെടുത്ത ജസ്റ്റിസ് മിനി പുഷ്കർണ വൗ ഡെലീഷ്യസിനോട് അവരുടെ പേരിൽ നിന്ന് ‘വൗ’ തൽക്കാലം മാറ്റിവയ്ക്കാൻ നിർദേശിച്ചു. ഇടക്കാല വിധിയാണിത്. കേസ് അടുത്ത ഏപ്രിലിൽ വീണ്ടും പരിഗണിക്കും.
അതേസമയം, ട്രേഡ്മാർക്ക് തങ്ങളുടെ മാത്രം സ്വന്തമാണെന്ന വൗ മോമോസിന്റെ വാദവും ശരിയല്ല. അവർ ട്രേഡ് മാർക്ക് പകർത്തിയതാണെന്ന് ആരോപിച്ച് വൗ ചൈന ബിസ്ട്രോ നേരത്തേ പരാതി നൽകിയിരുന്നു. തുടർന്ന് 2023 ഓഗസ്റ്റിൽ പേരിനൊപ്പം ‘വൗ’ ഉപയോഗിക്കരുതെന്ന് വൗ മോമോസിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. കൊൽക്കത്ത ആസ്ഥാനമായ വൗ മോമോസിന് ഇന്ത്യയിലുടനീളം 600ലേറെ ഔട്‌ലറ്റുകളുണ്ട്.