ADVERTISEMENT

ദിണ്ടിഗൽ (തമിഴ്നാട്) ∙ തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്കു സമീപത്തെ അസ്ഥിരോഗ ആശുപത്രിയിൽ രാത്രി ഒൻപതോടെയുണ്ടായ വൻ തീപിടിത്തത്തിൽ 7 പേർ മരിച്ചു. മരിച്ചവരിൽ 3 വയസ്സുള്ള കുട്ടിയും 3 സ്ത്രീകളുമുണ്ട്. ഇരുപതിലധികം പേർക്കു പരുക്കേറ്റതായി കരുതുന്നു.

തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബുലക്ഷ്മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകൻ മുരുകൻ (28), എൻജിഒ കോളനി രാജശേഖർ (35) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പൊള്ളലേറ്റ് ഗുരുതരനിലയിൽ കൂടുതൽ പേർ ഉള്ളതിനാൽ മരണസംഖ്യ വർധിക്കുമെന്ന് ആശങ്കയുണ്ട്.

4 നിലകളിലായുള്ള ആശുപത്രിയുടെ മുകളിലെ നിലയിൽ തീപടരുന്നതു കണ്ടു രക്ഷപ്പെടാനായി ലിഫ്റ്റിൽ കയറി കുടുങ്ങിയ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴു പേരാണു മരിച്ചത്. മറ്റൊരു ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി.

ആശുപത്രിയിലെ ഓഫിസ് മുറിയിലെ കംപ്യൂട്ടറിൽനിന്നു പടർന്ന തീ പിന്നീട് എല്ലാ മുറികളിലേക്കും വ്യാപിച്ചു. ആശുപത്രിയിൽ ഉണ്ടായിരുന്ന ഇരുനൂറോളം പേർ രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഉള്ള വഴികളിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും പലരും പുക ശ്വസിച്ചു തളർന്നുവീണു.

എല്ലുകൾ ഒടിഞ്ഞും അസ്ഥിരോഗത്തിനുമൊക്കെ ചികിത്സയിലുണ്ടായിരുന്ന 32 പേരെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രോഗികളുടെ ബന്ധുക്കളെ ഒഴിപ്പിക്കുന്നതു രാത്രി വൈകിയും തുടരുകയാണ്. വൈദ്യുതി നിലച്ചതും  പുകയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

English Summary:

Deat in Fire Accident: Fire at private hospital in Tamil Nadu's Dindigul, seven people dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com