പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി, മൃതദേഹങ്ങൾ രാവിലെ ആറോടെ വീടുകളിലെത്തിക്കും; നാലുപേരെയും ഒന്നിച്ച് ഖബറടക്കും
| Palakkad Lorry Accident
Mail This Article
പാലക്കാട്∙ കല്ലടിക്കോട്ട് അപകടത്തിൽ മരിച്ച 4 വിദ്യാർഥിനികളുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിദ ഫാത്തിമ, സലാമിന്റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ രാവിലെ ആറോടെ വീടുകളിലെത്തിക്കും.
രാവിലെയ 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും. തുടർന്ന് ഒരുമിച്ച് ഖബറടക്കം നടത്തും. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണിവർ. സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കില്ല.
റോഡ് സൈഡിൽ കൂടി നടന്നുപോകുകയായിരുന്ന കുട്ടികൾക്ക് ഇടയിലേക്കു ലോറി പാഞ്ഞുകയറുകയായിരുന്നു. പാലക്കാട്– കോഴിക്കോട് ദേശീയപാതയിലാണ് അപകടം. തമിഴ്നാട്ടിൽനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന.
പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിൽ പ്രതിഷേധിച്ച് പ്രദേശത്തു നാട്ടുകാർ വാഹനങ്ങൾ ഉപരോധിക്കുകയാണ്.