കേന്ദ്രനേതാക്കളെ കണ്ട് ഫഡ്നാവിസ്, ഷിൻഡയെ പിണക്കാതെ ബിജെപി; കീറാമുട്ടിയായി മന്ത്രിസഭാ വികസനം

Mail This Article
മുംബൈ ∙ മന്ത്രിസഭാ വികസന ചർച്ചകൾക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ആഭ്യന്തര വകുപ്പ് വേണമെന്ന ഷിൻഡെയുടെ ആവശ്യം അംഗീകരിക്കാനോ റവന്യു വകുപ്പ് വിട്ടുനൽകാനോ ബിജെപി തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 14ന് അന്തിമ തീരുമാനം ഉണ്ടായേക്കും.
ഷിൻഡെ വിഭാഗത്തിന് നൽകുന്നതിനൊപ്പം വകുപ്പുകൾ തങ്ങൾക്കും വേണമെന്നാണ് അജിത് പവാർ വിഭാഗത്തിന്റെ നിലപാട്. 16ന് നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് വകുപ്പ് വിഭജനം പൂർത്തിയാക്കിയില്ലെങ്കിൽ നാണക്കേടായി മാറും. വിലപേശൽ ശക്തി കുറഞ്ഞ ഷിൻഡെ വിഭാഗത്തെ പിണക്കാതെ ബിഎംസി ഇലക്‌ഷൻ വരെ സജീവമായി കൂടെ നിർത്താനാണ് ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാന ഘടകമായത് ഷിൻഡെയോടുള്ള സാധാരണക്കാരുടെ അനുഭാവം മൂലമാണെന്നും ഇതിനെ കണ്ടില്ലെന്ന് നടിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപിക്ക് 22, ഷിൻഡെ 12, അജിത് പവാർ 9 എന്ന വിധത്തിലാണ് മന്ത്രിപദവികളുടെ വീതം വയ്പെന്നാണ് സൂചന.