നയൻതാര മറുപടി നൽകണം: ധനുഷിന്റെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി

Mail This Article
ചെന്നൈ∙ നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്‌ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണു ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
10 കോടി രൂപയുടെ പകർപ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണു ധനുഷെന്നും നയൻതാര ഇൻസ്‌റ്റഗ്രാമിലും കുറിച്ചു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവനാണ് നാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റിൽനിന്നാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷിന്റെ നിർമാണ കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇതു പരിഗണിക്കുന്നത് മനപ്പൂർവം വൈകിക്കുകയും ചെയ്‌തതായി നയൻതാര പറഞ്ഞു. തുടർന്ന് ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ഉൾപ്പെടുത്തി. പിന്നാലെ ഇത് പകർപ്പവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി.