ADVERTISEMENT

കരിമ്പ (പാലക്കാട്) ∙ ഇംഗ്ലിഷ് പരീക്ഷ എളുപ്പമായിരുന്നു, ഇന്നത്തെ ഹിന്ദിയിലാണ് ടെൻഷൻ. ആ ആശങ്ക പങ്കിട്ടാണ് അവർ സ്കൂളിൽനിന്നു തിരികെ നടന്നത്. ഇതിനിടെ നിദയുടെ നനഞ്ഞ കുട ബാഗിൽ വയ്ക്കാൻ ഇടമില്ലെന്നു പറഞ്ഞ് അജ്നയെ ഏൽപിച്ചു. ‘എങ്കിൽ നീ ഈ റൈറ്റിങ് ബോർഡ് കൂടി പിടിക്കെടീ’ എന്നായി റിദ. അജ്നയുടെ ഒരു പെൻസിൽ ബോക്സ് റിദയുടെ ബാഗിൽ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും 4 പേരെയും മരണം കവർന്നു. 4 കൂട്ടുകാർ ചേർത്തുപിടിച്ചിരുന്ന അജ്നയുടെ കൈകളിൽ ആ കുടയും റൈറ്റിങ് ബോർഡും കുറെ ഓർമകളും ബാക്കി.

കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു അവർ 5 പേരും. അപകടത്തിൽ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ.എസ്.ആയിഷ എന്നിവർ മരിച്ചപ്പോൾ അജ്ന മാത്രമാണു രക്ഷപ്പെട്ടത്. ആയിഷ 8 ഇ ഡിവിഷനിലും മറ്റു 4 പേർ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഒരുമിച്ചാണു പോയിവന്നിരുന്നത്. ഇർഫാനയെ ഡെന്റൽ ഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്പാടത്തു കാത്തുനിൽക്കുമെന്നു പറഞ്ഞിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണു ലോറി വന്നിടിച്ചതെന്ന് അജ്ന പറഞ്ഞു.

അപകടത്തിൽ രക്ഷപ്പെട്ട അജ്ന ഷെറിൻ മരിച്ച നിദ ഫാത്തിമയുടെ കുടയും റിദ ഫാത്തിമയുടെ എക്സാം റൈറ്റിങ് ബോർഡുമായി.
അപകടത്തിൽ രക്ഷപ്പെട്ട അജ്ന ഷെറിൻ മരിച്ച നിദ ഫാത്തിമയുടെ കുടയും റിദ ഫാത്തിമയുടെ എക്സാം റൈറ്റിങ് ബോർഡുമായി.

അജ്ന ദൂരേക്കു വീണതിനാൽ രക്ഷപ്പെട്ടു. സിമന്റ് ലോറി പൊടിപറത്തി മറിഞ്ഞുകിടക്കുന്നതാണു കണ്ടത്. നാട്ടുകാർ ഓടിക്കൂടുമ്പോൾ അജ്ന വിറച്ചുനിൽക്കുകയായിരുന്നു. വൈകിട്ട് വീട്ടിൽ എത്തിയിട്ടും അപകടമോർത്തു കരയുകയായിരുന്നു അവൾ.

English Summary:

Palakkad accident : Palakkad truck accident claims the lives of four students in Karimbu. The sole survivor Ajna recounts the horrific incident and the loss of her friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com