നിയന്ത്രണം നഷ്ടമായ ലോറി സിമന്റ് ലോറിയിൽത്തട്ടി; അപകട കാരണം മഴയോ അതിവേഗമോ?

Mail This Article
പാലക്കാട് ∙ കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് സിമന്റ് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിനു കാരണം എതിരെ വന്ന മറ്റൊരു ലോറി സിമന്റ് ലോറിയിൽ തട്ടിയത്. പാലക്കാടു ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റുമായി വരികയായിരുന്നു ലോറി. മണ്ണാർക്കാട് ഭാഗത്തുനിന്ന് പാലക്കാടു ഭാഗത്തേക്കു പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സിമന്റ് ലോറിയിൽ തട്ടുകയായിരുന്നു. ഇത് ആര്‍ടിഒ സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട സിമന്റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു.
അതോടെ നിയന്ത്രണം നഷ്ടമായ സിമന്റ് ലോറി റോഡരികിൽക്കൂടി നടന്നുപോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്കു പാഞ്ഞുകയറി മറിഞ്ഞു. ലോറി വരുന്നതു കണ്ട ഒരു കുട്ടി ചാടിമാറിയെങ്കിലും മറ്റുള്ളവർക്കു രക്ഷപ്പെടാനായില്ല. കുട്ടികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
ഇറക്കവും വളവുള്ള റോഡാണ് അപകടമുണ്ടായ പനയമ്പാടത്ത്. മഴ പെയ്താൽ അപകടസാധ്യത കൂടും. ഇന്നത്തെ അപകട കാരണം മഴയത്ത് ലോറിയുടെ നിയന്ത്രണം വിട്ട് തെന്നിമാറിയതാണോ അതോ അമിതവേഗമോ എന്നതിൽ വ്യക്തതയില്ല. ഇവിടെ അപകടങ്ങൾ പതിവായപ്പോൾ നാട്ടുകാരുടെ പരാതി മൂലം റോഡിനു വീതി കൂട്ടിയെങ്കിലും സ്ഥിതിക്കു വലിയ മാറ്റമില്ലെന്നും നാട്ടുകാർ പറയുന്നു.