ADVERTISEMENT

കൊച്ചി ∙ ഒരുപാട് വർഷം മുൻപാണ്. ഒരു ഖനനാനുമതിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന്റെ അന്നത്തെ എം.ഡി ജെ.ജെ.ഇറാനി വകുപ്പുമന്ത്രിയെ കണ്ടപ്പോൾ, എല്ലാം വകുപ്പു സെക്രട്ടറിയെ പറഞ്ഞേൽ‍പ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാൽ വകുപ്പു സെക്രട്ടറിയെ കണ്ടപ്പോൾ അനുമതിക്കായി ചോദിച്ചത് നാലു കോടി രൂപ. ഇറാനി ഇക്കാര്യം രത്തൻ ടാറ്റയെ വിളിച്ചു പറഞ്ഞു. മറുപടി അപ്പോൾത്തന്നെ വന്നു: ‘സാധ്യമല്ല.’ ബിസിനസ് ലോകത്ത് അധികം കേട്ടുകേള്‍വിയില്ലാത്ത നൈതികതയ്ക്ക് വലിയ സ്ഥാനം കൊടുത്തയാളായിരുന്നു ഈയിടെ അന്തരിച്ച രത്തൻ ടാറ്റയെന്ന് അനുസ്മരിച്ചത് ഡോ. തോമസ് മാത്യുവാണ്. ഇന്ത്യ കണ്ട വിശ്രുതനായ വ്യവസായിയുടെ ജീവചരിത്രകാരൻ. എറണാകുളം കലക്ടറായിരുന്ന, പ്രതിരോധ, ധനകാര്യ, വ്യവസായ വകുപ്പുകളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ച, പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ‍ അദ്ദേഹത്തിന്റെ അഡീഷനല്‍ സെക്രട്ടറിയായിരുന്ന എഴുത്തുകാരൻ കൂടിയാണ് എറണാകുളം സ്വദേശിയായ തോമസ് മാത്യു. ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയെക്കുറിച്ച് ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്രം രചിച്ചത് മുൻ പ്രതിരോധ സെക്രട്ടറിയായ തോമസ് മാത്യുവാണ്. മലയാള മനോരമ, കെഎല്‍എം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച ‘ടച്ചിങ് ടാറ്റ – എ ക്ലോസ് കോൺവര്‍സേഷനി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വർഷത്തോളമെടുത്താണ് ടാറ്റയുടെ ജീവചരിത്രം തയാറാക്കിയതെന്ന് തോമസ് മാത്യു പറഞ്ഞു. ടാറ്റയുമൊത്ത് 150 ലേറെ മണിക്കൂറുകൾ ഇതിനായി ചെലവഴിച്ചു, ടാറ്റയുമായി ബന്ധപ്പെട്ട 130 ഓളം ആളുകളുമായി കൂടിക്കാഴ്ച നടത്തി. ടാറ്റയുടെ ആദ്യ പ്രണയിനിയായ അമേരിക്കൻ വനിത കരോലിൻ ജോൺസുമായുള്ള കൂടിക്കാഴ്ചയും ടാറ്റയുടെ അക്കാലത്തെ ഒരു ചിത്രം അവർ സമ്മാനിച്ചതും തോമസ് മാത്യു ഓർത്തെടുത്തു. ടാറ്റയുടെ കുടുംബ പശ്ചാത്തലം, ബാല്യം, കൗമാരം, ബിസിനസ് ലോകത്തേക്കുള്ള കടന്നു വരവ്, ബിസിനസിന്റെ വിപുലീകരണം തുടങ്ങി എല്ലാ മേഖലകളെയും സവിസ്തരം അവതരിപ്പിക്കുന്നതാണ് ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന പുസ്തകം. 

ഡോ. തോമസ് മാത്യുവിന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉപഹാരം സമർപ്പിക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല/ മനോരമ
ഡോ. തോമസ് മാത്യുവിന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉപഹാരം സമർപ്പിക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല/ മനോരമ

വിനയം കൊണ്ടു നമ്മെ ലജ്ജിപ്പിക്കുന്ന ആളായിരുന്നു ടാറ്റയെന്ന് തോമസ് മാത്യു പറയുന്നു. അതായിരുന്നു ടാറ്റയുടെ സ്വതവേയുള്ള പ്രകൃതം. ജീവിതത്തിൽ നൈതികതയും വിനയവും പുലർത്തി ബിസിനസ് ലോകത്ത് എങ്ങനെ വിജയം കൈവരിക്കാം എന്നതിന്റെ ഉദാഹരണമായും ടാറ്റയെ ചൂണ്ടിക്കാട്ടാം. ഒട്ടേറെ പേരുടെ തകർന്ന സ്വപ്നങ്ങൾക്ക് ചിറകു നല്‍കിയ ആളാണ് ടാറ്റയെന്നു പറഞ്ഞ തോമസ് മാത്യു, അതിനു തെളിവായി ഒരു മലയാളിയെ പരിചയപ്പെടുത്തി. മുംബൈ ഭീകരാക്രമണ സമയത്ത് 50ലേറെ അതിഥികളെ രക്ഷപ്പെടുത്തുകയും ഒടുവിൽ കൊല്ലപ്പെടുകയും ചെയ്ത, താജിലെ ‘വസാബി’ ജാപ്പനീസ് റസ്റ്ററന്റിലെ സീനിയർ വെയിറ്ററായിരുന്ന തോമസ് വർഗീസിന്റെ ഭാര്യ സുനു വർഗീസ് അതിനു തെളിവാണ്. പോകാൻ ഇടമില്ലാതെ നിന്ന തന്നെയും മക്കളെയും ഭർതൃമാതാവിനേയും വിളിച്ചു വരുത്തി, ‘ഇനി അവരെ ടാറ്റ ഗ്രൂപ്പ് നോക്കും’ എന്ന് രത്തൻ ടാറ്റ പറഞ്ഞ നിമിഷം സുനു ഓർത്തെടുത്തു. ഇന്ന് അവരുടെ രണ്ട് ആൺമക്കളും വിദേശത്ത് നന്നായി കഴിയുന്നു.

മലയാള മനോരമ, കെഎല്‍എം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച ‘ടച്ചിങ് ടാറ്റ – എ ക്ലോസ് കോൺവര്‍സേഷനി’ൽ ഡോ. തോമസ് മാത്യു സംസാരിക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല/ മനോരമ
മലയാള മനോരമ, കെഎല്‍എം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച ‘ടച്ചിങ് ടാറ്റ – എ ക്ലോസ് കോൺവര്‍സേഷനി’ൽ ഡോ. തോമസ് മാത്യു സംസാരിക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല/ മനോരമ

ഇത്തരത്തിൽ ടാറ്റയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത ഒട്ടേറെ നിമിഷങ്ങൾ കോർത്തെടുക്കുന്നതാണ് പുസ്തകം. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ അങ്ങേയറ്റം ദേശീയവാദിയായിരുന്നു ടാറ്റയെന്ന് തോമസ് മാത്യു ഓർ‍ത്തെടുത്തു. ബ്രിട്ടിഷ് കമ്പനിയായ ജാഗ്വർ ഏറ്റെടുത്തതിനു പിന്നിലെ കഥകളും അക്കാര്യത്തിൽ ടാറ്റ പ്രകടിപ്പിച്ച ദേശീയബോധവുമൊക്കെ തോമസ് മാത്യു അനുസ്മരിച്ചു. 

ചടങ്ങിൽ മുൻ അംബാസിഡറും കെഎല്‍എം ആക്സിവ ഫിൻവെസ്റ്റ് ചെയർമാനുമായ ടി.പി.ശ്രീനിവാസൻ ആമുഖ പ്രഭാഷണം നടത്തി. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു വിശിഷ്ടാതിഥികൾക്ക് ഉപഹാരം സമർപ്പിച്ചു.

English Summary:

Ratan Tata: A Legacy of Ethics and Humility Unveiled in New Biography

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com