ശബരിമലയിൽ നാദവിസ്മയം തീർത്ത് ഡ്രംസ് മാന്ത്രികൻ ശിവമണി; തുടർച്ചയായ 9ാം വർഷം– വിഡിയോ

Mail This Article
ശബരിമല∙ അയ്യപ്പ സന്നിധിയിൽ തുടർച്ചയായ ഒൻപതാം വർഷവും നാദവിസ്മയം തീർത്ത് പ്രശസ്ത ഡ്രംസ് മാന്ത്രികൻ ശിവമണി. പുലർച്ചെ മലകയറി എത്തിയ ശിവമണിയും സംഘവും ദർശനത്തിനുശേഷം സന്നിധാനം ഓഡിറ്റോറിയത്തിൽ തീർഥാടകർക്കായി സംഗീത വിരുന്ന് ഒരുക്കി.
ശംഖ് വിളിയോടെയായിരുന്നു തുടക്കം. കീബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു. ദേവദാസാണ് അയ്യപ്പ കീർത്തനങ്ങൾ ആലപിച്ചത്. വിരലുകൾക്കിടയിലൂടെ വടി കറക്കിയും ഉയർത്തിയും താഴ്ത്തിയും ശിവമണി നാദവിസ്മയം തീർത്തപ്പോൾ കാഴ്ചക്കാരായി നിന്ന നൂറുകണക്കിനു ഭക്തർ ഹർഷാരവത്തോടെ പ്രോത്സാഹനം നൽകി.
ഒരു മാസത്തെ കഠിനവ്രതാനുഷ്ഠാനത്തോടെയാണു ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മല ചവിട്ടിയതെന്ന് ശിവമണി പറഞ്ഞു. ‘‘മധ്യപ്രദേശിലെ ജഗൽപ്പുരിൽനിന്നാണ് ശബരിമലയ്ക്കു വരുന്നത്. എനിക്ക് എല്ലാമെല്ലാം അയ്യപ്പനാണ്. മണ്ഡലകാലത്തെ അയ്യപ്പ ദർശനം ജീവിതത്തിന്റെ ഭാഗമാണ്. ഒരു വർഷത്തേക്കുള്ള ഊർജമാണ് ശബരിമലയിൽനിന്നു ലഭിച്ചത്’’ – അദ്ദേഹം പറഞ്ഞു.
ദോശക്കല്ലിലും വീപ്പകളിലുംവരെ താള വിസ്മയം തീർക്കുന്ന ശിവമണി ഇത്തവണ ആവശ്യമായ വാദ്യോപകരണങ്ങളുമായാണു ദർശനത്തിനു വന്നത്.