പാലക്കാട്ടും കോയമ്പത്തൂരും വാഹനാപകടം; പൊലിഞ്ഞത് 8 ജീവനുകൾ, ദൗര്‍ഭാഗ്യകരമെന്ന് ഗണേഷ്– പ്രധാനവാർത്തകൾ
Mail This Article
എട്ട് ജീവനുകൾ പൊലിഞ്ഞ രണ്ട് അപകടങ്ങളാണ് ഇന്ന് കേരളത്തെ പിടിച്ചുലച്ചത്. പാലക്കാട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് നാല് വിദ്യാർഥികളും എൽ ആൻഡ് ടി ബൈപാസിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്നു തിരുവല്ല സ്വദേശികളും മരിച്ചു. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി.എബ്രഹാമിന്റെ മകൻ ജേക്കബ് ഏബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോൺ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ അലീന തോമസിനെ (30) ഗുരുതര നിലയിൽ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിത ഫാത്തിമ, സലാമിന്റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണിവർ. മരിച്ചവരിൽ ഒരാളുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എതിരെ വന്ന മറ്റൊരു ലോറി സിമന്റ് ലോറിയിൽ തട്ടിയതാണ് പാലക്കാട്ടെ അപകടത്തിന് കാരണം. പാലക്കാടു ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റുമായി വരികയായിരുന്നു ലോറി. മണ്ണാർക്കാട് ഭാഗത്തുനിന്ന് പാലക്കാടു ഭാഗത്തേക്കു പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സിമന്റ് ലോറിയിൽ തട്ടുകയായിരുന്നു.
അപകടം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് ലോറി ഇടിച്ചു കയറിയത്. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. പനയമ്പാടം മേഖലയിലെ റോഡ്, അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
തൃശൂർ പൂരം കലങ്ങിയതിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിര്‍ദേശം. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിർദേശം.