'റോഡ് ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കി; ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തും’
Mail This Article
ന്യൂഡൽഹി ∙ പാലക്കാട് കല്ലടിക്കോട് ലോറിയിടിച്ചു 4 വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ വിമർശിച്ചു ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്നു പരാതിയുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കും. ദേശീയപാത അതോറിറ്റി റോഡുകൾ നിർമിക്കുന്നതു ഗൂഗിൾ മാപ്പ് നോക്കിയാണ്. നാളെ അപകടസ്ഥലം സന്ദർശിക്കുമെന്നും ഗണേഷ് പറഞ്ഞു.
‘‘പാലക്കാട് അപകടമുണ്ടായ റോഡിന്റെ നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്നാണു പരാതി. ഇക്കാര്യം മന്ത്രി കെ.കൃഷ്ണൻകുട്ടിയും അറിയിച്ചിരുന്നു. ഞാൻ നാളെ നേരിട്ടു സ്ഥലം സന്ദർശിക്കും. മന്ത്രി മുഹമ്മദ് റിയാസുമായി ചേർന്ന് ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കും. വിശദ പരിശോധന നടത്തിയ ശേഷം പാലക്കാട്ടെ ഡിടിസിയും ആർടിഒയും റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മിഷണറും അഡിഷനൽ കമ്മിഷണറും ഇപ്പോൾ ഡൽഹിയിലാണ്. വിഷയം ആഴത്തിൽ പഠിച്ചു മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥരോടു നിർദേശിക്കും.
മോട്ടർ വാഹന വകുപ്പ് സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചു പരിഹാരം കാണും. റോഡിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തേണ്ട ചുമതല മോട്ടർ വാഹന വകുപ്പിനാണ്. ബ്ലൈൻഡ് സ്പോട്ടുകൾ മലപ്പുറം ജില്ലയിലുൾപ്പെടെ ധാരാളം സ്ഥലങ്ങളിലുണ്ട്. ഇതിന്റെ പട്ടിക തരാൻ പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെടും. കരിമ്പയിൽ അപകടമുണ്ടായ റോഡിന്റെ പ്രശ്നങ്ങൾ നേരത്തേ എന്റെ ശ്രദ്ധയിൽ വന്നിരുന്നില്ല. റോഡ് നിർമാണത്തിൽ ദേശീയപാത അതോറിറ്റിക്കു പ്രത്യേകം രൂപകൽപന ഒന്നുമില്ലെന്നതു ഗൗരവകരമാണ്.
ദേശീയപാത നിർമിക്കാൻ വരുന്നിടത്ത് എൻജിനീയർമാക്കു വലിയ റോളില്ല. നിർമാണം ഓരോ കമ്പനികളെ ഏൽപ്പിച്ചിരിക്കുകയാണ്. അവരുടെ കോൺട്രാക്ടർമാരും അവരുടെ ഡിസൈനിങ്ങുമാണ്. വേൾഡ് ബാങ്കിന്റെ റോഡ് പോലെയാണിത്. വേൾഡ് ബാങ്ക് നിർമിക്കുന്ന റോഡിൽ നമ്മുടെ എൻജിനീയർമാർക്കോ പ്രാദേശിക പ്രതിനിധികൾക്കോ റോളില്ല. ഗൂഗിൾ മാപ്പ് നോക്കിയാണു റോഡ് പോകുന്ന ദിശ ഡിസൈൻ ചെയ്യുന്നത്. പ്രദേശം നേരിൽക്കണ്ടു മനസ്സിലാക്കിയാണു റോഡ് രൂപകൽപന ചെയ്യേണ്ടത്. ദൗർഭാഗ്യശാൽ പല റോഡുകളും ഡിസൈൻ ചെയ്യുന്നതു ഗൂഗിൾ മാപ്പിലാണ്. വളവും ഇറക്കവും കയറ്റവുമൊന്നും അവർ ശ്രദ്ധിക്കില്ല. പ്രാദേശികമായ പ്രശ്നങ്ങളും പഞ്ചായത്ത് അംഗങ്ങളുടെ ഉൾപ്പെടെ അഭിപ്രായങ്ങളും കേൾക്കേണ്ടതാണ്.’’– ഗണേഷ് കുമാർ പറഞ്ഞു.