‘ഭരണഘടനാ ഭേദഗതിയെന്ന ശീലത്തിന്റെ വിത്ത് പാകിയത് നെഹ്റു; ഭരണഘടനയെ കോൺഗ്രസ് നിരന്തരം വേട്ടയാടി’

Mail This Article
ന്യൂഡൽഹി∙ ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഭാരതീയ സംസ്കാരം ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘ഇന്ത്യ വളരെ വേഗത്തിൽ വികസിക്കുകയാണ്. എത്രയും വേഗം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ശ്രമത്തിലാണ് രാജ്യം. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഒന്നാമതെത്തുക എന്നതാണ് നമ്മുടെ സ്വപ്നം’’– പ്രധാനമന്ത്രി പറഞ്ഞു.
തുടക്കം മുതൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത് അഭിമാനകരമായ കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് എല്ലാ നയപരമായ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിൽ സ്ത്രീകൾ പ്രധാന പങ്കുവഹിക്കുന്നു. പ്രസിഡന്റ് ദ്രൗപതി മുർമു ആദിവാസി വിഭാഗത്തിൽനിന്നുള്ള ആളാണ്. പാർലമെന്റിൽ അടക്കം എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം വർധിക്കുകയാണ്. വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായി മാറിയെന്നും മോദി പറഞ്ഞു.
അതിനിടെ കോൺഗ്രസിനെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ നിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്‌ക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്ക് 25 വയസ്സ് തികഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പ് നൽകിയ അവകാശങ്ങൾ എടുത്തുമാറ്റപ്പെട്ടു. രാജ്യം ഒരു ജയിലായി മാറി. അടിസ്ഥാന സൗകര്യമേഖലയിലും വൈദ്യുതി മേഖലയിലും കേന്ദ്ര സർക്കാർ നേട്ടമുണ്ടാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാരുകളുടെ കാലത്ത് രാജ്യത്തിന്റെ ഒരു ഭാരം ഇരുട്ടിലായിരുന്നു. ബിജെപി സർക്കാർ ‘ഒരു രാജ്യം ഒരു ഗ്രിഡ്’ പദ്ധതി നടപ്പിലാക്കി. രാജ്യത്തിന്റെ എല്ലായിടത്തും തടസ്സമില്ലാതെ ഇന്ന് വൈദ്യുതി എത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചതായി നെഹ്റു കുടുംബത്തെ വിമർശിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന തടസ്സമായാൽ അത് മാറ്റണമെന്നു പ്രധാനമന്ത്രിയായിരുന്ന നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. ഇതായിരുന്നു നെഹ്റുവിന്റെ നിർദേശം. ആറു പതിറ്റാണ്ടിനിടെ 75 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ശീലത്തിന്റെ വിത്ത് പാകിയത് ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവാണ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അത് തുടർന്നു. സുപ്രീം കോടതിയുടെ 1971ലെ വിധിയെ അവഗണിച്ചാണ് ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതിനും പാർലമെന്റിൽ അധികാരം കേന്ദ്രീകരിക്കുന്നതിനുമായി ഭരണഘടനയിൽ മാറ്റം വരുത്തിയത്.
‘‘ഭരണഘടനയെ കോൺഗ്രസ് നിരന്തരം വേട്ടയാടി. കോൺഗ്രസ് ഭരണഘടനയെ ഭയപ്പെടുത്താനുള്ള ആയുധമാക്കി. കോൺഗ്രസ് സംവരണത്തിന് എതിരായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ കോൺഗ്രസ് എതിർത്തു. നെഹ്റുവിന്റെ കാലം മുതൽ രാജീവ് ഗാന്ധിയുടെ കാലംവരെ സംവരണം അട്ടിമറിക്കപ്പെട്ടു. കോൺഗ്രസ് സ്വന്തം താൽപര്യങ്ങൾക്കായി ഭരണഘടനയിൽ മാറ്റം വരുത്തി. എക സിവിൽ കോഡ് നല്ലതാണ്. അംബേദ്ക്കറും ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന നിലപാടെടുത്തു. ഭരണഘടനാ ശിൽപ്പികളുടെ ആഗ്രഹം ബിജെപി സർക്കാർ നടപ്പിലാക്കും. കോൺഗ്രസിന് എക്കാലവും അധികാരത്തിൽ മാത്രമായിരുന്നു താൽപര്യം’’– പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി അഹങ്കാരിയെന്ന് പരോക്ഷമായി വിശേഷിപ്പിക്കുകയും ചെയ്തു.