ഡാൻസ് ബാറിൽ ഓംപ്രകാശിനെ വളഞ്ഞ് എയര്‍പോര്‍ട്ട് സാജന്റെ സംഘം; രണ്ടുതവണ പിന്നില്‍നിന്നു പിടിച്ചുതള്ളി- വിഡിയോ

Mail This Article
തിരുവനന്തപുരം∙ ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഡാന്‍സ് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായത് ആസൂത്രിത ഏറ്റുമുട്ടലെന്നാണ് വിവരം. സംഗീതനിശയ്ക്കിടെ നൃത്തം ചെയ്തുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുപോയ ഓംപ്രകാശിനെ എയര്‍പോര്‍ട്ട് സാജന്റെ സംഘത്തിലുള്ളവര്‍ പിന്നില്‍നിന്നു കയ്യേറ്റം ചെയ്യുന്ന ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.
സാജന്റെ മകന് ഡാനി ഡിജെ നയിക്കുമ്പോള്‍, തൊട്ടുമുന്നിലൂടെ നടന്നുപോയ ഓംപ്രകാശിനെ സാജന്റെ സംഘത്തിലുള്ളവര്‍ രണ്ടുതവണ പിന്നില്‍നിന്നു പിടിച്ചുതള്ളുന്നതാണു ദൃശ്യത്തിലുള്ളത്. ഒരു തവണ തിരിഞ്ഞുനോക്കിയ ഓംപ്രകാശ് പ്രതികരിക്കാതെ പോകുന്നതും കാണാം. ഈ സമയം ഓംപ്രകാശിനെ തള്ളിയ ആളെ ബാറിലെ സുരക്ഷാജീവനക്കാരന് (ബൗണ്‍സര്‍) പിടിച്ചുവലിക്കാന്‍ നോക്കുന്നത് ഡാനി തടയുന്നുണ്ട്. സാജന്റെ സംഘത്തിലെ ഇരുപതോളം പേര് വളഞ്ഞതോടെ ഓംപ്രകാശ് പുറത്തേക്കുപോയി. ഈ സമയം ഓംപ്രകാശിനു പിന്നിലൂടെ വന്ന സുഹൃത്ത് നിധിനെ, സാജന്റെ സംഘം ഷര്‍ട്ടിൽ കുത്തിപ്പിടിക്കുകയും കുപ്പി ഗ്ലാസ് വലിച്ചെറിയുകയുമായിരുന്നു. കേസില്‍ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും മകന് ഡാനിയും അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സാജന്റെ സംഘത്തിലുള്ള അരുണ്‍, ജോസ് ബ്രിട്ടോ, സജിത്, സൗരവ്, രാജേഷ്, ബിജു എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘങ്ങള്‍ 2 മണിക്കൂറോളം ക്യാംപ് ചെയ്തു വെല്ലുവിളി തുടര്‍ന്നിട്ടും ബാര്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഞായറാഴ്ച രാവിലെയാണ് ഫോര്‍ട്ട് പൊലീസ് കേസ് എടുത്തത്. ഏറ്റുമുട്ടലിനെക്കുറിച്ച് ശനിയാഴ്ച രാവിലെ തന്നെ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് വിവരങ്ങള്‍ നല്‍കിയിരുന്നു. ഗുണ്ടാപ്പോര് പുറത്തായാല്‍ വിവാദമാകുമെന്നു കണ്ട് പൊലീസ് സംഭവം രഹസ്യമാക്കി.
ഞായറാഴ്ച ഇതു വാര്‍ത്തയായതിനൊടുവില്‍ ബാര്‍ മാനേജറെ കണ്ട് പരാതി വാങ്ങി കേസ് എടുക്കുകയായിരുന്നു. ഓംപ്രകാശ്, എയര്‍പോര്‍ട്ട് സാജന്, ഡാനി, നിധിന് എന്നിവരടക്കം എഴുപത്തഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. അടിപിടിക്കും ബാറിലെ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തി നാശനഷ്ടം വരുത്തിയതിനുമാണ് കേസ്. ബാര്‍ മാനേജര്‍ നല്കിയ പരാതിയിലാണ് നടപടിയെന്നു പൊലീസ് പറഞ്ഞു.