‘ഒരുമിച്ചു പ്രവർത്തിക്കാൻ രാഷ്ട്രീയ പക്വത കാണിക്കണം’; ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് ഉദ്ധവ് താക്കറെ

Mail This Article
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നാഗ്പൂരിലെ വിധാൻ ഭവനിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ചയിൽ ഉദ്ധവിനൊപ്പം മകനും വർളി എംഎൽഎയുമായ ആദിത്യ താക്കറെയും എംഎൽഎമാരായ അനിൽ പരബ്, വരുൺ സർദേശായി എന്നിവരും ഉണ്ടായിരുന്നു.
മഹായുതി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് താക്കറെയും മറ്റു പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിരുന്നെങ്കിലും പരിപാടിയിൽ നേതാക്കളാരും പങ്കെടുത്തിരുന്നില്ല. എന്നാൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ ഉദ്ധവ് താക്കറെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ കാണാൻ തീരുമാനിക്കുകയായിരുന്നു.
രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാനുള്ള രാഷ്ട്രീയ പക്വത ഭരണപക്ഷവും പ്രതിപക്ഷവും കാണിക്കണമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ആദിത്യ താക്കറെ പറഞ്ഞു. ‘‘ഇന്ന് ഞങ്ങളുടെ പാർട്ടി തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിനെയും കണ്ടു. രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രവർത്തിക്കാനുള്ള രാഷ്ട്രീയ പക്വത കാണിക്കണം.’’ – ആദിത്യ താക്കറെ പറഞ്ഞു.