6 വയസ്സുകാരിയെ രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊന്നു; അനിഷയ്ക്ക് ബാധയെന്ന് ഭർത്താവ്: ദുർമന്ത്രവാദം?

Mail This Article
കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ കേസിൽ ദുർമന്ത്രവാദം സംശയിച്ച് പൊലീസ്. ദുർമന്ത്രവാദ സാധ്യതയെ കുറിച്ച് അവ്യക്തമായ സംശയം നിലനിൽക്കുന്നുണ്ടെന്നും നിലവിൽ കേസിൽ ഒരു പ്രതി മാത്രമെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.
നെല്ലിക്കുഴിയിൽ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ ആറു വയസുകാരിയായ മകൾ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്‍റെ രണ്ടാം ഭാര്യ നിഷയെന്നു വിളിക്കുന്ന അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാൻ.
അറസ്റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പൊലീസിനു നൽകുന്നത്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാൻ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. അടുത്തിടെ അജാസ് ഖാനിൽ നിന്ന് നിഷ വീണ്ടും ഗർഭിണിയായിരുന്നു. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്കാൻ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് നിഷ ആദ്യം നൽകിയ മൊഴി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ദുര്‍മന്ത്രവാദത്തിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
രാവിലെ കുട്ടി അനങ്ങുന്നില്ലെന്ന് പറഞ്ഞാണ് നിഷ അയൽവീട്ടിൽ വന്ന് വിവരം പറയുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ടി.ഒ. അസീസ് പറഞ്ഞു. അയൽക്കാരാണ് തന്നെ വിവരം അറിയിച്ചത്. ഉടൻ പൊലീസിനെ അറിയിച്ചു. ഭാര്യയ്ക്ക് എന്തൊക്കെയോ ബാധയുണ്ടെന്നാണ് അജാസ് പറഞ്ഞത്. രാത്രി തന്‍റെ കൂടെ ഭക്ഷണം കഴിച്ച് കുട്ടികള്‍ ഉറങ്ങാൻ കിടന്നതാണ്. താനും ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നിരുന്നതെന്നും രാത്രി പത്തരയോടെ ജോലി സ്ഥലത്തേക്ക് പോയെന്നുമാണ് അജാസ് പറഞ്ഞത്. ഭാര്യയ്ക്ക് ബാധയുണ്ട്, അതുകൊണ്ട് പലരീതിയിൽ അവള്‍ പ്രതികരിക്കുമെന്നും അജാസ് പറഞ്ഞു.