‘എനിക്കെന്താണ് സംഭവിച്ചത്, ഇവിടെ എങ്ങനെയെത്തി?’: ചാരമായ വിമാനത്തിലെ 181 പേരിൽ ജീവനോടെ 2 പേർ

Mail This Article
സോൾ∙ വിമാനത്തിലെ 181 പേരിൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് രണ്ടുപേർ മാത്രം! അവരിലൊരാളായ ലീ ആശുപത്രി ജീവനക്കാരോട് ചോദിച്ചു– ‘‘ എനിക്കെന്താണ് സംഭവിച്ചത്, ഞാൻ എങ്ങനെ ഇവിടെയെത്തി ?’’. ദക്ഷിണ കൊറിയയുടെ ജെജു എയർലൈൻ തകർന്നുവീണ് 179 പേരാണ് മരിച്ചത്. പക്ഷികൾ ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെട്ട രണ്ടുപേരും വിമാനജീവനക്കാരാണ്. ഓർമ വീണ്ടെടുത്തെങ്കിലും നടന്ന സംഭവം കൃത്യമായി പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇരുവരും.
ബോധം വന്നപ്പോൾ, എങ്ങനെ ആശുപത്രിയിലെത്തിയെന്ന് ആവർത്തിച്ച് ചോദിക്കുകയായിരുന്നു ലീ. അപകടത്തെക്കുറിച്ച് പറയാൻ ലീയ്ക്ക് സാധിച്ചില്ല. ലാൻഡിങിന് മുൻപ് താൻ സീറ്റ് ബെൽറ്റ് ഇട്ടിരുന്നതായി ലീ ഡോക്ടർമാരോട് പറഞ്ഞു. അപകടത്തിന്റെ ഞെട്ടലിൽനിന്ന് ലീ പൂർണമായി മുക്തനായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യാത്രക്കാർക്ക് സേവനം നൽകാനായി വിമാനത്തിന്റെ വാലറ്റത്താണ് ലീ ഉണ്ടായിരുന്നത്. ലീയുടെ തോളിനും തലയ്ക്കും പരുക്കുണ്ട്.
രക്ഷപ്പെട്ട രണ്ടാമത്തെയാളായ ക്വോണും സംഭവത്തെക്കുറിച്ച് ഓർത്തെടുക്കാൻ കഴിയാത്ത ആരോഗ്യസ്ഥിതിയിലാണ്. ചെറിയ പരുക്കുകളുണ്ട്. വിശദമായ ആരോഗ്യ പരിശോധനകൾ നടത്തി വരികയാണെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ‘കൊറിയ ടൈംസ്’ പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്തു. തായ്‌ലൻഡിൽനിന്നു മടങ്ങിയ ജെജു എയർ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്.