ADVERTISEMENT

ന്യൂയോർക്ക്∙ ഡിസംബറിൽ ആറു വിമാനാപകടങ്ങളിൽ മരിച്ചത് 236 പേർ. പക്ഷി മുതൽ മിസൈൽ ആക്രമണം വരെയുള്ള കാരണങ്ങളുണ്ട് അപകടങ്ങൾക്കു പിന്നിൽ. ഇതോടെ പ്രധാന ചോദ്യം ഉയരുന്നു. വിമാന യാത്ര സുരക്ഷിതമാണോ ? കണക്കുകൾ അനുസരിച്ച് ഏറ്റവും സുരക്ഷിതം വിമാന യാത്രയാണ്. സുരക്ഷാ സൗകര്യങ്ങൾ തന്നെ കാരണം. യുഎസിലെ എംഐടി നടത്തിയ പഠനത്തിൽ വിമാനാപകടത്തിലെ മരണ സാധ്യത 1.37 കോടി യാത്രക്കാരിൽ ഒരാൾക്ക് മാത്രമാണ്. 2018 മുതൽ 2022 വരെയുള്ള യാത്രക്കാരുടെ എണ്ണവും അപകടങ്ങളും അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടൽ. 2008 മുതൽ 2017 വരെയുള്ള കണക്കിൽ, 79 ലക്ഷം പേരിൽ ഒരാൾക്ക് മരണ സാധ്യത എന്നായിരുന്നു. ആ കണക്കുകളെ അട്ടിമറിക്കുകയാണോ 2024 ഡിസംബർ ?

∙ പക്ഷിയിടിച്ച് എൻജിൻ‌ നിലച്ചു, ലാൻഡിങ് ഗിയർ തുറക്കാത്തതെന്ത്?

ദക്ഷിണ കൊറിയയിൽ വിമാനം ലാൻഡിങ്ങിനിടെ പൊട്ടിത്തെറിച്ച് 179 പേരാണ് മരിച്ചത്. 175 യാത്രികരും 6 ജീവനക്കാരുമായി ബാങ്കോക്കിൽനിന്ന് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ജെജു എയർ വിമാനമാണ് ദുരന്തത്തിൽപെട്ടത്. റൺവേയിലേക്കിറങ്ങവെ ലാൻഡിങ് ഗിയർ ശരിയായി വിന്യസിക്കാതെ വന്നതിനെ തുടർന്ന് വിമാനം അടിഭാഗം ഉരഞ്ഞു മുന്നോട്ടു സഞ്ചരിച്ചു. ഒടുവിൽ ഒരു മതിലിൽ ഇടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. 2 വിമാന ജീവനക്കാർ മാത്രമാണ് രക്ഷപ്പെട്ടത്. ബോയിങ് 737-800 വിമാനമാണു തകർന്നത്. 15 വർഷം പഴക്കമുള്ളതാണു വിമാനം. പക്ഷിയിടിച്ച് എൻജിൻ‌ നിലയ്ക്കുന്നത് സാധാരണമാണ്. പക്ഷേ ലാൻഡിങ് ഗിയർ തുറക്കാത്തതെന്തെന്ന ചോദ്യം ഉയരുന്നു. അന്വേഷണത്തിലൂടെ മാത്രമേ ഇതിന് ഉത്തരം ലഭിക്കൂ. ലാൻഡിങ് ഗിയർ നിവർന്നിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഘാതം കുറയുമായിരുന്നു.

flightaccidentsnumber

∙ വട്ടം കറങ്ങി, ഒടുവിൽ നിലത്തേക്ക്; വെടിവച്ചിട്ടത് റഷ്യ?

കസഖ്സ്ഥാനിലെ അക്തൗവിലുണ്ടായ വിമാനാപകടത്തിൽ 38 പേരാണ് കൊല്ലപ്പെട്ടത്. ബാക്കുവിൽനിന്നു ദക്ഷിണ റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണു തകർന്നുവീണത്. 29 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ലാൻഡിങ്ങിന് അനുമതി തേടിയിരുന്നെങ്കിലും നിലംതൊടുമ്പോഴേക്കും തീപിടിച്ചിരുന്നു. വിമാനം തകർന്ന സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ക്ഷമ ചോദിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്നും അവർ കുറ്റം സമ്മതിക്കണമെന്നും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് വ്യക്തമാക്കിയിരുന്നു. അപകട  കാരണം മറച്ചുവയ്ക്കാന്‍ റഷ്യ ശ്രമിച്ചെന്നും ഇല്‍ഹാം അലിയേവ് പറഞ്ഞു. യുക്രെയ്ൻ ഡ്രോണാണെന്നു തെറ്റിദ്ധരിച്ച് റഷ്യൻ സേന വിമാനം വെടിവച്ചിടുകയായിരുന്നെന്നു റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

∙ വിനോദയാത്ര ദുരന്തയാത്രയായി, കുടുംബത്തിന് ദാരുണാന്ത്യം

ബ്രസീലിലെ ഗ്രാമഡോ മേഖലയിൽ ചെറുവിമാനം  നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ പത്തു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഡിസംബര്‍ 22നാണ്. കനേല വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം സെറാ ഗൗച്ച മലനിരകള്‍ക്ക് സമീപമുള്ള ഗ്രമാഡോ മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. 17 പേര്‍ക്ക് പരുക്കേറ്റു. ഇരട്ട എൻജിനുള്ള പൈപ്പര്‍ പിഎ 42 വിമാനമാണ് തകര്‍ന്നു വീണത്. വീടിനു മുകളിൽ ഇടിച്ച ശേഷം മൊബൈല്‍ കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. വിമാനത്തിന്റെ ഉടമസ്ഥനും ബിസിനസുകാരനുമായ ലൂയിസ് ക്ലോഡിയോ ഗലേസിയായിരുന്നു പൈലറ്റ്. വിനോദയാത്രയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.

∙ ദുരന്തങ്ങളിൽ പൊലിഞ്ഞ് പൈലറ്റുമാരും

പാപ്പുവ ന്യൂ ഗിനിയയിൽ നോര്‍ത്ത് കോസ്റ്റ് ഏവിയേഷന്റെ ബ്രിട്ടെന്‍-നോര്‍മാന്‍ ബിഎന്‍ 2ബി 26 ഐലന്‍ഡര്‍ വിമാനം തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു. ഡിസംബർ 22നായിരുന്നു സംഭവം. വസു എയര്‍പോര്‍ട്ടില്‍ നിന്ന് ലാ നദ്‌സെബ് എയര്‍പോര്‍ട്ടിലേക്കുള്ള ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍പെട്ടത്.

അർജന്റീനയിലെ സാൻഫെർണാന്‍ഡോ വിമാനത്താവളത്തിന് അടുത്തുണ്ടായ അപകടത്തിൽ പൈലറ്റുമാർ മരിച്ചു. പുന്റെ ഡെല്‍ എസ്റ്റെ എയര്‍പോര്‍ട്ടില്‍ നിന്ന് സാന്‍ ഫെര്‍നാഡൊ എയര്‍പോര്‍ട്ടിലേക്ക് പോയ ഫെറി ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്. റണ്‍വേയും കടന്നുപോയ വിമാനം സുരക്ഷാ വേലിയിലും മരത്തിലും ഇടിച്ച് കത്തുകയായിരുന്നു. ഹവായിയിൽ ഡിസംബർ 17ന് ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു.

English Summary:

Plane Crash in December: Deadly plane crashes dominated December's headlines, claiming hundreds of lives across multiple continents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com