ചോദ്യം ചെയ്യലിനു ഹാജരാകാതെ എംഎസ് സൊലൂഷൻസിലെ അധ്യാപകർ; ഇനി അറസ്റ്റ്?

Mail This Article
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കൊടുവള്ളി എംഎസ് സൊലൂഷൻസ് സ്ഥാപനത്തിലെ അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായില്ല. രാവിലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തണമെന്നായിരുന്നു 2 അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാത്ത സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണു ക്രൈംബ്രാഞ്ച് നീക്കം.
എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. താൻ ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും പ്രവചനം മാത്രമാണു നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണു ഷുഹൈബ് മുൻകൂർ ജാമ്യഹർജി നൽകിയത്. ഏതന്വേഷണവുമായി സഹകരിക്കും എന്നറിയിച്ച ഷുഹൈബ് ഒളിവിലാണ്. കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമാകും അധ്യാപകരുടെയും ഷുഹൈബിന്റെയും തുടർനീക്കം. നേരത്തേ 2 തവണ ആവശ്യപ്പെട്ടിട്ടും അധ്യാപകർ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായില്ല.
ഷുഹൈബ് വിദേശത്തേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്തു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. പ്രാഥമിക അന്വേഷണത്തിൽ ചോദ്യക്കടലാസ് ചോർന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. എംഎസ് സൊലൂഷൻസിൽനിന്നു പിടിച്ചെടുത്ത കംപ്യൂട്ടർ, ഹാർഡ് ഡിസ്ക്, മുഹമ്മദ് ഷുഹൈബിന്റെ മൊബൈൽ ഫോൺ എന്നിവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.