ഉള്ളുപൊട്ടിയ വയനാട്; വിജയക്കുട നിവർത്തി സുരേഷ് ഗോപി; മഞ്ഞുകാല ഓർമയായി എംടി
Mail This Article
ഉരുളെടുത്ത ചൂരൽമലയും മുണ്ടക്കൈയുമായിരുന്നു 2024 ൽ കേരളത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവ്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയവും പൂരം വിവാദവും ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാളത്തിന്റെ മേൽവിലാസം തന്നെയായിരുന്ന എംടിയുടെ വിടവാങ്ങലുമൊക്കെ കണ്ട വർഷം. 2024ലെ പ്രധാന സംഭവങ്ങളിലേക്ക്...
∙ പൊട്ടിക്കരഞ്ഞ് വയനാട്
2024 ജൂലൈ 30 പുലര്‍ച്ചെ 1.15നും 3 മണിക്കും ഇടയ്ക്കാണ് കേരളത്തെ നടുക്കി വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തമേഖലയില്‍നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്നുമായി കണ്ടെത്തിയത് 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ്. 17 കുടുംബങ്ങളിലെ 58 പേർ മരിച്ചു. 6 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ അനാഥരായി. 173 മൃതദേഹങ്ങളും രണ്ടു ശരീരഭാഗങ്ങളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവമത പ്രാർഥനകളോടെയും ഔദ്യോഗിക ബഹുമതികളോടെയും പുത്തുമല പ്രദേശത്ത് പൊതുശ്മശാനം ഒരുക്കി സംസ്‌കരിച്ചു. ദുരന്തമുണ്ടായി 5 മാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വയനാടിന് കിട്ടിയിട്ടില്ല. അതിന്റെ പേരിലുണ്ടാകുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല.
∙ കോളിളക്കമായി ഹേമ കമ്മിറ്റി
മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്, കോടതി വരെ നീണ്ട പോരാട്ടത്തിനൊടുവിൽ സംസ്ഥാന സർക്കാർ ഭാഗികമായി പുറത്തുവിട്ടു. അതിനു പിന്നാലെ പുറത്തുവന്ന പീഡന ആരോപണങ്ങളിൽ കുരുങ്ങിയ നടന്മാർ അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ കേസുകളിൽ പ്രതികളായി. കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ, താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചു. മോഹൻലാൽ അടക്കമുള്ള ഭാരവാഹികളും കൂട്ടരാജി സമർപ്പിച്ചു. റിപ്പോർട്ടിലെ, ഇതുവരെ പുറത്തുവിടാത്ത ഭാഗങ്ങളും പുറത്തുവിടണമെന്ന ആവശ്യത്തെത്തുടർന്ന് വിവാദം സജീവമാണ്.
∙ ചരിത്രവിജയവുമായി ബിജെപി, വീണ്ടും കനലൊരു തരി
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 18 സീറ്റിന്റെ മിന്നുന്ന ജയം. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറന്നപ്പോൾ എൽഡിഎഫ് ആലത്തൂരിൽ ഒതുങ്ങി. 2019ലെ ദയനീയ പരാജയത്തിന്റെ ആവർത്തനമായിരുന്നു എൽഡിഎഫിന്. വോട്ട് വിഹിതത്തിൽ കുറവുണ്ടായെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാംവട്ടവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ യുഡിഎഫിന് കഴിഞ്ഞു. തൃശൂർ വിജയത്തിനു പിന്നാലെ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. സുരേഷ്ഗോപിയെ കൂടാതെ കേരളത്തിൽനിന്ന് ബിജെപി നേതാവ് ജോർജ് കുര്യനും അപ്രതീക്ഷിത മന്ത്രിസ്ഥാനം.
∙ രാധാകൃഷ്ണനു പകരം കേളു
ആലത്തൂരിൽനിന്ന് കെ. രാധാകൃഷ്ണൻ ലോക്സഭയിലെത്തിയതോടെ ഒഴിവുവന്ന മന്ത്രിസ്ഥാനം തേടിയെത്തിയത് മാനന്തവാടി എംഎൽഎ. ഒ.ആർ. കേളുവിനെ. വയനാട് ജില്ലയിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി. പട്ടിക വർഗ വിഭാഗത്തിൽനിന്ന് എൽഡിഎഫിന്റെ ആദ്യ മന്ത്രി. പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റുമാണ് അദ്ദേഹം.
∙ പ്രിയങ്ക വയനാട്ടിലേക്ക്
റായ്ബറേലിയിൽ വിജയിച്ചതോടെ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെ ലോക്സഭാ അംഗത്വം രാജിവച്ചു. പകരം പ്രിയങ്കയെ കോൺഗ്രസ് സ്ഥാനാർഥിയാക്കി. 404619 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രിയങ്കയുടെ വിജയം. വൻവോട്ടുചോർച്ച എൽഡിഎഫിനു തിരിച്ചടിയായി.
∙ സരിനും സന്ദീപ് വാരിയരും പത്മജയും
ചേലക്കര എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണനും പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടന്നു. പാലക്കാട് നിയോജകമണ്ഡലത്തിൽ ഷാഫിക്ക് പിൻഗാമിയായി കോൺഗ്രസ് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചപ്പോൾ, സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട പി. സരിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ ബിജെപി ക്യാംപ് വിട്ട് സന്ദീപ് വാരിയർ കോൺഗ്രസിലെത്തി. പെട്ടി വിവാദം, വിവാദ പത്രപരസ്യം എന്നിവ ചർച്ചയായ തിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫും ചേലക്കര എൽഡിഎഫും നിലനിർത്തി. കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതും ഈ വർഷം.
∙ ജാവഡേക്കറും ജയരാജനും
പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസം സിപിഎമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കിയായിരുന്നു ഇ.പി. ജയരാജൻ – പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച വാർത്ത പുറത്തുവന്നത്. ബിജെപി-സിപിഎം രഹസ്യബന്ധമെന്ന യുഡിഎഫ് ആരോപണം നിലനിൽക്കേ, ബിജെപി. നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നതായി ഇ.പി. ജയരാജൻ തന്നെ തുറന്നുപറഞ്ഞത് സിപിഎമ്മിനെ തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറിനെ കണ്ടിരുന്നുവെന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം. ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലുകളും സിപിഎമ്മിനെയും ജയരാജനെയും വെട്ടിലാക്കിയിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ദിവസം ഇപിയുടെ ആത്മകഥയെന്ന പേരിൽ പുറത്തുവന്ന പുസ്തകഭാഗവും വിവാദമായി. ഇതിനിടെ ഇപിയുടെ എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചു.
∙ പൂരം കലക്കൽ വിവാദം
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടർന്നതും ഈ വർഷം തന്നെ. തൃശൂർ പൂരത്തിനിടെ പൊലീസ് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയത് പൂരത്തിന്റെ നടത്തിപ്പിനെയും ചടങ്ങുകളെയും ബാധിച്ചുവെന്ന് ആരോപണമുയർന്നതിനു പിന്നാലെ പൂരപ്രേമികളും രാഷ്ട്രീയ പാർട്ടികളുമടക്കം പൊലീസിനും സർക്കാരിനുമെതിരെ രംഗത്തുവന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പാക്കാൻ ബോധപൂർവം തൃശൂർ പൂരം അലങ്കോലമാക്കിയെന്നായിരുന്നു ആരോപണം. പൂരം അലങ്കോലപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്താൻ ശ്രമിച്ച റവന്യുമന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ യാത്ര തടസ്സപ്പെട്ടപ്പോഴും എൻഡിഎ സ്ഥാനാർഥിയായിരുന്ന സുരേഷ്‌ഗോപിയും മറ്റു നേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി സ്ഥലത്തെത്തിയത് വിവാദമായി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മാസങ്ങളോളം വൈകിയതും വിവാദങ്ങൾക്ക് വഴി തുറന്നു.
∙ അജിത് കുമാറിന്റെ കൂടിക്കാഴ്ച
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയായ എം.ആർ. അജിത് കുമാറിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി. അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളയും റാം മാധവുമായും കൂടിക്കാഴ്ച നടത്തിയതിന് തൃശൂർ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായത് സർക്കാരിനെ വെട്ടിലാക്കി. വിവാദം കടുത്തപ്പോഴും അജിത്കുമാറിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന വിമർശനവുമുർന്നു. എന്നിട്ടും അജിത്തിനെ ഡിജിപി പദവിയിലേക്കു ശുപാർശയും ചെയ്തു.
∙ വിവാദ കേന്ദ്രമായി അൻവർ
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കു വഴി തുറന്നതിനൊപ്പം സിപിഎമ്മിനെ പിടിച്ചുകുലുക്കുകയും ചെയ്തു നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ വെളിപ്പെടുത്തലുകൾ. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനും എഡിജിപി എം.ആർ.അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ മുഖ്യമന്ത്രിയെ അടക്കം പ്രതിരോധത്തിലാക്കി. മകളുമായി ബന്ധപ്പെട്ട കേസുകൾ പുറത്തുവരാതിരിക്കാനാണ് മുഖ്യമന്ത്രി അജിത്കുമാറിനെതിരായ ആരോപണങ്ങളിൽ മൗനംപാലിക്കുന്നത് എന്നടക്കമുള്ള ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. പിന്നാലെ അൻവറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി സിപിഎം സംസ്ഥന സെക്രട്ടറിയുടെ പ്രഖ്യാപനം. അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പാർട്ടി പ്രഖ്യാപനവും തുടർനീക്കങ്ങളും രാഷ്ട്രീയ കേരളത്തിനു കൗതുകമായി.
∙ കിട്ടുമോ മന്ത്രിസ്ഥാനം ?
രണ്ടാം പിണറായി മന്ത്രിസഭയിലെ എൻസിപി മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയം. എൻസിപിയിലെ രണ്ട് എംഎൽഎമാരും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021ലെ തിരഞ്ഞെടുപ്പിനു ശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. പി.സി.ചാക്കോ എൻസിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റപ്പോൾ, മന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ ധാരണയില്ലെന്നാണ് ആദ്യം നിലപാട് സ്വീകരിച്ചതെങ്കിലും പിന്നീട് പി.സി.ചാക്കോയും തോമസ് കെ. തോമസിന്റെ ആവശ്യത്തെ പിന്തുണച്ചു. ഇതോടെ മന്ത്രിമാറ്റ ചർച്ചകൾ സജീവമായി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാറ്റത്തിൽ താൽപര്യമില്ലെന്നും അതാണ് തടസ്സമെന്നും വാർത്തകൾ വന്നു. മന്ത്രിമാറ്റ ചർച്ചകൾക്കിടെ ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും തോമസ് കെ.തോമസ് വിലയ്ക്കെടുക്കാൻ ശ്രമിച്ചുവെന്ന വാർത്തയും വിവാദമായി.
∙ നോവായി നവീൻ ബാബു, സിദ്ധാർഥ്, അർജുൻ
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെ കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബുവിനെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോളിളക്കമുണ്ടാക്കി. പെട്രോൾ പമ്പിന് എൻഒസി നൽകാൻ എഡിഎം വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നവീന്റെ ഭാഗത്തു വീഴ്ചയുണ്ടായില്ലെന്നു വ്യക്തമാകുകയും ചെയ്തു. നവീൻ ബാബുവിന്റെ ആത്മഹത്യയെത്തുടർന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. അറസ്റ്റിലായ ദിവ്യ ഇപ്പോൾ ജാമ്യത്തിൽ.
പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ജെ.എസ്.സിദ്ധാർഥിന്റെ മരണം കേരളത്തെ ഞെട്ടിച്ചു. മരണത്തിനു മുൻപ് സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായിരുന്നു. 20 വയസ്സുള്ള യുവാവിനെ അതേ സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകരുെട നേതൃത്വത്തിൽ റാഗിങ്ങിന് വിധേയനാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിച്ചു.
ജൂലൈ പതിനാറിന് കർണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ അർജുനെ കാണാതായി. അര്‍ജുനൊപ്പം ലോറിയും പുഴയിൽ മുങ്ങി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചതെന്ന ആരോപണം ഉയർന്നു. മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അർജുന്റെ മൃതദേഹം കണ്ടെത്തി.
∙ ബൈ ബൈ ആരിഫ് മുഹമ്മദ് ഖാൻ
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിൽ ഡിസംബർ 24-ന് ആരിഫ് മുഹമ്മദ് ഖാന് ബിഹാർ ഗവർണറായി സ്ഥാനമാറ്റം. ബിഹാർ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ കേരള ഗവർണറാകും.
∙ കാലം എം.ടിയെ യാത്രയാക്കി
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗവാർത്തയോടെയാണ് ഈ വർഷം അവസാനിക്കുന്നത്. കവിയൂർ പൊന്നമ്മ, ബാലചന്ദ്രൻ വടക്കേടത്ത്, കീരിക്കാടൻ ജോസ്, കെ.ജി. ജയൻ, കെ.ജെ. ജോയ്, മീന ഗണേഷ്, മേഘനാഥൻ, എം.എം. ലോറൻസ്, എൻ.കെ. ദേശം, ഓംചേരി എൻഎൻ പിള്ള, സംഗീത് ശിവൻ, ടി.പി.ജി. നമ്പ്യാർ, ടി.പി. മാധവൻ എന്നിവരും വിടവാങ്ങി.