യുഎസ് ട്രഷറി ശൃംഖലയിൽ കടന്നുകയറി ചൈനീസ് ഹാക്കർമാർ; മോഷ്ടിച്ചവ അൺക്ലാസ്സിഫൈഡ് എന്ന് വകുപ്പ്

Mail This Article
വാഷിങ്ടൻ∙ യുഎസ് ട്രഷറി വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയില്‍ കടന്നുകയറി രേഖകൾ മോഷ്ടിച്ച് ചൈനീസ് ഹാക്കർമാർ. ഇതു സംബന്ധിച്ച് ട്രഷറി വകുപ്പ് ജനപ്രതിനിധി സഭാംഗങ്ങൾക്ക് അയച്ച കത്ത് ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ രഹസ്യസ്വഭാവമില്ലാത്തതും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളതുമായ (അൺക്ലാസിഫൈഡ്) രേഖകളാണ് ഹാക്കർമാർക്കു ലഭിച്ചതെന്നും കത്തിൽ പറയുന്നു. ഡിസംബർ എട്ടിനാണ് ട്രഷറി വകുപ്പ് വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വകുപ്പും അന്വേഷണം നടത്തുന്ന എഫ്ബിഐയും ഇതുവരെ മറുപടി നൽകിയിട്ടെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
‘‘തേർഡ് പാർട്ടി സൈബർ സെക്യൂരിറ്റി സേവനദാതാവായ ബിയോണ്ട് ട്രസ്റ്റിന്റെ സേവനങ്ങൾ ഇപ്പോൾ ഓഫ്‌ലൈൻ ആക്കിയിട്ടുണ്ട്. ബിയോണ്ട് ട്രസ്റ്റിനെ മറികടന്ന് ട്രഷറി വിഭാഗത്തിന്റെ സെർവറുകളിൽ ഹാക്കർമാർ കടന്നു കയറിയെന്നതിനു നിലവിൽ തെളിവുകളില്ല.’’– ട്രഷറി വിഭാഗം വക്താവ് അറിയിച്ചു.
ഈ മാസം ആദ്യം യുഎസിലെ ഏറ്റവും വലിയ 3 ടെലികമ്യൂണിക്കേഷൻ കമ്പനികളിലേക്കും കടന്നുകയറാൻ ചൈനീസ് ഹാക്കർമാർ ശ്രമം നടത്തിയിരുന്നു. സാൾട്‌ടൈഫൂൺ എന്നു പേരിട്ടിരുന്ന ആ ഹാക്കിങ്ങിൽ സെനറ്റ് / ജനപ്രതിനിധി സഭാംഗങ്ങളുടെ ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ തുടങ്ങിയവ നിരീക്ഷിക്കാൻ സൈബർ ക്രിമിനലുകൾക്കു കഴിഞ്ഞിരുന്നു.
അതേസമയം, വാഷിങ്ടനിലെ ചൈനീസ് എംബസി ആരോപണം തള്ളി. അടിസ്ഥാനമില്ലാത്ത വസ്തുതകൾ ചൂണ്ടിക്കാട്ടി ചൈനയ്‌ക്കെതിരെ യുഎസ് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി എതിർക്കുന്നുവെന്ന് റോയിട്ടേഴ്സിനു നൽകിയ പ്രതികരണത്തിൽ ചൈനീസ് എംബസി വ്യക്തമാക്കി.