കട്ടനും പരിപ്പുവടയുമല്ല, ഈ വർഷം ആത്മകഥ; സോവിയറ്റ് യൂണിയൻ ഇല്ലാത്തതിൽ ദുഃഖം: ഇ.പിയുടെ പുതുവർഷം
Mail This Article
വിവാദങ്ങളുടെ വർഷമായിരുന്നു ഇ.പി.ജയരാജന് 2024. പക്ഷേ ഒരു കമ്യൂണിസ്റ്റിനു വ്യക്തിപരമായ ദുഃഖങ്ങളോ സന്തോഷങ്ങളോ ഇല്ലെന്നതാണ് ജയരാജന്റെ നയം. സമൂഹത്തിന്റെ ദുഃഖങ്ങളും ആശങ്കകളുമൊക്കെയാണ് കമ്യൂണിസ്റ്റുകാരന്റെയും ദുഃഖവും ആശങ്കകളും. അതുകൊണ്ടുതന്നെ, ‘വ്യക്തിപരമായി 2024 എങ്ങനെയായിരുന്നു?’, ‘2025 ന്റെ പ്രതീക്ഷകൾ എന്തൊക്കെ?’ എന്നീ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയില്ല. ഈ വർഷം ആത്മകഥ പ്രതീക്ഷിക്കാമെന്നും പേര് ‘കട്ടൻ ചായയും പരിപ്പുവടയും’ എന്നാവില്ലെന്നും ജയരാജൻ പറയുന്നു.
‘‘2024 ലോകത്തെ സംബന്ധിച്ച് വളരെയധികം ദുഃഖകരമായ വർഷമായിരുന്നു. പലസ്തീനിലും ഗാസയിലും അമേരിക്ക ഇസ്രയേലിനെക്കൊണ്ടു നടത്തുന്ന ഭീകരമായ ആക്രമണം. ഗാസയിൽ ബോംബാക്രമണം നടത്തി അൻപതിനായിരത്തിലധികം പേരെ കൂട്ടക്കൊല ചെയ്തു. അതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. ഐക്യരാഷ്ട്ര സംഘടന തന്നെ അപലപിച്ചിട്ടും അതിനെ അംഗീകരിക്കാത്ത ഇസ്രയേലിനൊപ്പം നിൽക്കുകയാണ് അമേരിക്ക. ട്രംപ് വീണ്ടും അധികാരത്തിൽ വരുന്നത് ആശങ്കയാണ്. ഒരു സോവിയറ്റ് യൂണിയൻ ഇല്ലാത്തതിന്റെ ദുഃഖം ലോകം ഇപ്പോൾ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. യുക്രെയ്നിൽ നടക്കുന്ന ആക്രമണങ്ങളും ദുഃഖകരമാണ്.
ഇന്ത്യയിൽ വർഗീയത തീക്ഷ്ണമായി ഉയർന്ന വർഷമായിരുന്നു കടന്നുപോയത്. സന്തോഷത്തോടെ ജീവിച്ച മണിപ്പുരിലെ ജനത തമ്മിലടിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊക്കെ അസ്വസ്ഥത പടരുകയാണ്. ജനാധിപത്യവും മതനിരപേക്ഷതയും കനത്ത വെല്ലുവിളി നേരിടുന്നു. ലോകത്തിന്റെ സന്തോഷം ആഗ്രഹിക്കുന്ന മനുഷ്യർക്ക് ദുഃഖകരമായിരുന്നു പോയ വർഷം. തീവ്ര വലതുപക്ഷം പല രാജ്യങ്ങളിലും അധികാരം പിടിക്കാനുള്ള സാധ്യത വരുംവർഷങ്ങളിൽ വർധിച്ചേക്കും. ഒട്ടനവധി പുതിയ രോഗങ്ങളും ലോകത്ത് പടരുകയാണ്. അമേരിക്കയുടെ ലോക ആധിപത്യത്തിനു മുന്നിൽ പലപ്പോഴും ഐക്യരാഷ്ട്ര സംഘടനയ്ക്ക് തലകുനിക്കേണ്ടി വരുന്നു. പുതുവർഷത്തിൽ മതസാഹോദര്യം കാത്തുസൂക്ഷിക്കണം. അതിനായി മനുഷ്യസ്നേഹികളെ അണിനിരത്തണം. അതാണ് 2025 ലേക്ക് കടക്കുമ്പോൾ എന്റെ പ്രതീക്ഷ’’ – ഇ.പി. ജയരാജൻ പറഞ്ഞു.
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലും ആത്മകഥെന്ന പേരിൽ പുറത്തുവന്ന പുസ്തകത്തിന്റെ പേരിലും നേരിട്ട വ്യക്തിപരമായ ആക്രമണങ്ങൾ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താൻ ആയിരുന്നുവെന്നാണ് ജയരാജൻ പറയുന്നത്. ‘‘കേരളത്തിലെ ഇടതുപക്ഷം സുശക്തമാണ്. എൽഡിഎഫ് സർക്കാർ ഇന്ത്യയുടെ പ്രതീക്ഷയുടെ തുരുത്താണ്. ആ സർക്കാരിനെയും സിപിഎമ്മിനെയും തകർക്കാൻ ഒട്ടനവധി പ്രചാരണങ്ങളാണ് നടക്കുന്നത്. വിപുലമായ പരിപാടിയുടെ ഭാഗമായാണ് ഇതെല്ലാം. വിമോചന സമരം നടത്താൻ അമേരിക്ക പണം നൽകി സഹായിച്ചതു പോലെ ഇന്ത്യയിൽ ഇടതുപക്ഷത്തെ തകർക്കാൻ ആസൂത്രിത നീക്കം ചില കേന്ദ്രങ്ങളിലൊക്കെ നടന്നുവരുന്നുണ്ട്. എങ്ങനെ, ആരെ ആക്രമിച്ചാൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താം എന്നാണ് നോക്കുന്നത്. എല്ലാ ആക്രമണങ്ങളും മുഖ്യമന്ത്രിക്കു നേരെയാണ്. സർക്കാരിനെ ശക്തിപ്പെടുത്തുന്നവരെയും പാർട്ടി തലപ്പത്തുള്ളവരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഇതു വലതുപക്ഷ ശക്തികളുടെ സംഘടിത നീക്കമാണ്. അതാണ് കഴിഞ്ഞ ഒരു വർഷക്കാലം എനിക്ക് നേരെയും നടന്നത്’’ – ജയരാജൻ പറയുന്നു.
‘‘ഈ വർഷം ആത്മകഥ പ്രതീക്ഷിക്കാം. 200 പേജൊക്കെ കാണും. ഒരു ഭാഗം മാത്രമായിരിക്കും 2025ൽ പുറത്തുവരിക. രണ്ടാം ഭാഗം പിന്നീട് പ്രസിദ്ധീകരിക്കും. എന്റെ ആത്മകഥയെന്ന പേരിൽ പുറത്തുവന്നത് എന്താണെന്ന്, അതു പുറത്തുവിട്ടവരോടും കൊടുത്തവരോടും ചോദിച്ചാൽ മതി. ആത്മകഥയുടെ പേര് കട്ടൻ ചായയും പരിപ്പുവടയും എന്നല്ല. പേര് എന്താണെന്ന് തീരുമാനിച്ചിട്ടില്ല’’ – ജയരാജൻ പറഞ്ഞു.