‘ഭൂമാഫിയ സഹോദരിമാരെ വിൽക്കും’: അമ്മയെയും സഹോദരിമാരെയും കൊന്ന് അഭിമാനം രക്ഷിച്ചെന്ന് യുവാവ്

Mail This Article
ലക്നൗ∙ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി യുപിയിലെ ഇരുപത്തിനാലുകാരൻ. ഭൂമാഫിയ തന്നെയും കുടുംബത്തെയും ഇറക്കിവിടുമെന്നും സഹോദരിമാരെ വിൽക്കുമെന്നുമുള്ള വാദമാണ് ബുദാൻ സ്വദേശിയായ അർഷദ് ന്യായീകരണമായി നടത്തിയത്. മധ്യ ലക്നൗവിലെ ശരൺജിത് ഹോട്ടലിൽവച്ചാണ് അമ്മയെയും സഹോദരിമാരെയും കൊലപ്പെടുത്തിയതെന്നും ക്രൂരകൃത്യം ചെയ്യാൻ പിതാവിന്റെ സഹായം ഉണ്ടായിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
അമ്മയെയും മൂന്നു സഹോദരിമാരെയും കൊലപ്പെടുത്തിയെന്നും നാലാമത്തെയാൾ ഇപ്പോൾ മരിക്കുമെന്നുമാണു വിഡിയോയിൽ യുവാവ് പറയുന്നത്. കഴുത്തു ഞെരിച്ചശേഷം കൈഞരമ്പ് മുറിച്ചാണ് മൂന്നുപേരെയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്. അർഷദിന്റെ അമ്മ അസ്മ, സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹീം (18).
‘‘ സമീപപ്രദേശത്തുള്ളവരുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഞങ്ങളുടെ കുടുംബം എത്തിയത്. എന്റെ അമ്മയെയും സഹോദരിമാരെയും ഞാൻ കൊലപ്പെടുത്തി. പൊലീസിന് ഈ വിഡിയോ ലഭിക്കുമ്പോൾ മനസ്സിലാക്കണം പ്രദേശവാസികളാണ് ഇതിന് ഉത്തരവാദിയെന്ന്. ഞങ്ങളെ ശല്യംചെയ്ത് അവർ വീടു സ്വന്തമാക്കി. ഞങ്ങൾ ശബ്ദം ഉയർത്തിയെങ്കിലും ആരും കേട്ടില്ല. 15 ദിവസമായി ഞങ്ങൾ തെരുവിൽ കിടന്നുറങ്ങുകയാണ്. തണുപ്പത്ത് അലയുകയാണ്. കുട്ടികൾ തണുപ്പിൽ അലയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർ ഞങ്ങളുടെ വീട് പിടിച്ചെടുത്തു. എല്ലാ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്’’ – കൃത്യം നടത്തിയ സ്ഥലത്തുനിന്നു പൊലീസ് പിടികൂടിയതിനു പിന്നാലെ അർഷദ് പറഞ്ഞു.
മരണത്തിനു കാരണക്കാരായവരുടെ പേരും ഇയാൾ പറയുന്നു – റാണു, അഫ്താബ്, അലീം ഖാൻ, സലിം, ആരിഫ്, അഹമ്മദ്, അസ്ഹർ. ‘‘ഇവരെല്ലാം ഭൂമാഫിയയുടെ ആൾക്കാരാണ്. പെൺകുട്ടികളെ വിൽക്കുന്നവരും. എന്നെയും പിതാവിനെയും വ്യാജ കേസുകളിൽപ്പെടുത്തി സഹോദരിമാരെ വിൽക്കാനാണു പദ്ധതിയിട്ടിരുന്നത്. അതുകൊണ്ടാണ് എനിക്ക് സഹോദരിമാരെ കൊല്ലേണ്ടിവന്നത്. രാവിലെ വരെ ഞാൻ ജീവനോടെ ഇരിക്കണമെന്നില്ല. ഞങ്ങൾ ബുദാനിൽനിന്നുള്ളവരാണ്. 1947 മുതൽ ഞങ്ങള്‍ ഇവിടെ താമസിക്കുന്നവരാണെന്നതിന്റെ രേഖ എന്റെ ബന്ധുവിന്റെ കൈവശമുണ്ട്. ഞങ്ങൾ ബംഗ്ലദേശിൽനിന്നു വന്നവരാണെന്നാണ് അവർ പറയുന്നത്’’ – വിഡിയോയിൽ പറയുന്നു.
കുടുംബത്തിനു മതംമാറണമെന്നുണ്ടായിരുന്നുവെന്ന് ഇയാൾ വിഡിയോയിൽ പറയുന്നുണ്ട്. നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഇയാൾ ആവശ്യപ്പെടുന്നുമുണ്ട്. ‘‘സഹായത്തിനായി പലരെയും സമീപിച്ചു. പക്ഷേ, ആരും സഹായിച്ചില്ല. ഇപ്പോൾ എന്റെ സഹോദരിമാർ മരിച്ചു. ഞാനും കുറച്ചുകഴിയുമ്പോൾ മരിക്കും. ഇന്ത്യയിലെ ഒരു കുടുംബവും ഇത്തരമൊരു നടപടിയിലേക്കു നിർബന്ധിതമാക്കപ്പെടരുത്. ഞങ്ങൾക്ക് നീതി ലഭിക്കണം. അവർക്ക് ശക്തമായ ശിക്ഷ കിട്ടണം. അവർക്ക് രാഷ്ട്രീയക്കാരും നേതാക്കന്മാരുമായി ബന്ധമുണ്ട്. ഞങ്ങളുടെ പകുതി ഭൂമി അവർ പിടിച്ചെടുത്തു. മറ്റേ പകുതിയും പിടിച്ചെടുക്കും.
ഞങ്ങളുടെ ഭൂമിയിൽ ഒരു ക്ഷേത്രം ഉയർന്നുവരണം. വസ്തുവകകൾ അനാഥാലയത്തിനു നൽകണം. എന്റെ പിതാവിനൊപ്പമാണ് ഞാനവരെ കൊലപ്പെടുത്തിയത്. വേറെ എന്തു മാർഗമാണ് എനിക്കുള്ളത്. ഹൈദരാബാദിൽ ഇവരെ വിൽക്കുന്നത് കാണണമോ? അവർക്ക് നീതി കിട്ടുമെന്ന് ഉറപ്പുവരുത്തണം. ഇന്ന് അവരൊത്തിരി കഷ്ടപ്പെട്ടു. ഞങ്ങൾ അവരുടെ അഭിമാനം രക്ഷിച്ചു’’ – വിഡിയോയിൽ അർഷദ് പറഞ്ഞു.