മാപ്പു പറയാൻ നരസിംഹ റാവുവും ഗുജ്റാളും വന്നോ?; കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു: ബിരേൻ സിങ്

Mail This Article
ഇംഫാൽ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മണിപ്പുർ സന്ദർശിക്കുന്നില്ലെന്ന കോൺഗ്രസിന്റെ നിരന്തരമായുള്ള ചോദ്യത്തിനു മറുപടിയുമായി മുഖ്യമന്ത്രി ബിരേൻ സിങ്. ഇന്നലെ നടത്തിയ ക്ഷമാപണത്തിനു പിന്നാലെയാണ് പുതിയ പ്രതികരണം. മുൻപ് സംഘർഷങ്ങളുണ്ടായ സമയത്ത് നരസിംഹ റാവുവും ഐ.കെ.ഗുജ്റാളും മണിപ്പുരിൽ വന്നോയെന്ന് ചോദിച്ചാണ് ബിരേൻ സിങ്ങിന്റെ പ്രതിരോധം. മണിപ്പുരിലെ കാതലായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം കോൺഗ്രസ് എന്തുകൊണ്ട് എല്ലാസമയത്തും രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
‘‘മണിപ്പുരിൽ ബർമീസ് അഭയാർഥികളെ പാർപ്പിച്ചതും മ്യാൻമർ ആസ്ഥാനമായുള്ള തീവ്രവാദികളുമായി കരാറിൽ ഒപ്പിട്ടതും പോലുള്ള കോൺഗ്രസ് ചെയ്ത മുൻകാല പാപങ്ങൾ കാരണം മണിപ്പുർ ഇന്ന് പ്രക്ഷുബ്ധമാണെന്ന് എല്ലാവർക്കും അറിയാം. പി.ചിദംബരം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. ഞാൻ നടത്തിയ ക്ഷമാപണം, കുടിയൊഴിപ്പിക്കപ്പെടുകയും ഭവനരഹിതരാകുകയും ചെയ്ത ആളുകൾക്ക് വേണ്ടിയുള്ള എന്റെ ദുഃഖം പ്രകടിപ്പിക്കുന്നതിനുള്ള ആത്മാർഥമായ പ്രവൃത്തിയാണ്. മുഖ്യമന്ത്രി എന്ന നിലയിൽ സംഭവിച്ചത് ക്ഷമിക്കാനും മറക്കാനുമുള്ള അഭ്യർഥനയായിരുന്നു അത്. എന്നിരുന്നാലും, നിങ്ങൾ അതിൽ രാഷ്ട്രീയം കൊണ്ടുവന്നു’’ – ബിരേൻ സിങ് എക്സിൽ കുറിച്ചു.
‘‘ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. മണിപ്പുരിലെ നാഗ-കുക്കി ഏറ്റുമുട്ടൽ ഏകദേശം 1,300 പേരുടെ മരണത്തിനും ആയിരക്കണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി. അക്രമം വർഷങ്ങളോളം തുടർന്നു. 1992-93 കാലഘട്ടമായിരുന്നു സംഘർഷത്തിന്റെ ഏറ്റവും തീവ്രമായ കാലമെങ്കിലും 1992നും 1997നും ഇടയിൽ കാലാനുസൃതമായ വർധനവ് ഉണ്ടായി. ഈ കാലഘട്ടം വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും രക്തരൂഷിതമായ വംശീയ സംഘർഷങ്ങളിൽ ഒന്നായി അടയാളപ്പെടുത്തി. 1991 മുതൽ 1996 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച പി.വി.നരസിംഹറാവു ഈ സമയത്ത് മാപ്പ് പറയാൻ മണിപ്പുരിൽ വന്നോ ?’’ – ബിരേൻ സിങ് ചോദിച്ചു.