കണ്ണൂരില്‍ സ്കൂൾ ബസ് അപകടം, ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി, വയനാട് പുനരധിവാസം; പ്രധാനവാർത്തകള്‍ ഒറ്റക്ലിക്കിൽ

Mail This Article
കണ്ണൂരിലെ സ്കൂൾ ബസ് അപകടം, ഉമാ തോമസിന്റെ ആരോഗ്യനില, വയനാട് പുനരധിവാസം എന്നിവയായിരുന്നു ഇന്നത്ത പ്രധാനവാർത്തകൾ. മുണ്ടൈക്കെ–ചൂരല്‍മല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കും. എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലും നെടുമ്പാല എസ്‌റ്റേറ്റിലുമാണ് രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അറിയിച്ചു. പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചീഫ് സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചത്.
കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ.
കൊച്ചിയിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽനിന്നു മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും ഡോക്ടർമാർ പറഞ്ഞു.
രാജ്യത്തിന് ആരും സമാധാനം സമ്മാനിക്കില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 21 മിനിറ്റ് ദൈർഘ്യമുള്ള പുതുവത്സര വിഡിയോയിലാണ് സെലെൻസ്‌കിയുടെ പരാമർശം. ശക്തമായ യുക്രെയ്‌നിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും സെലെൻസ്കി പറഞ്ഞു.
നിക്ഷേപ തട്ടിപ്പുകൾ പോലെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മുതലെടുത്ത് കോടികളുണ്ടാക്കാനുള്ള ശ്രമമായിരുന്നു കൊച്ചിയിൽ മൃദംഗ വിഷൻ എന്ന കമ്പനി സംഘടിപ്പിച്ച ‘ഗിന്നസ്’ നൃത്തപരിപാടിയെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവന്നു. മുടക്കുമുതലോ അധ്വാനമോ കൂടാതെ ഒരു കമ്പനി മറ്റൊരു ഇവന്റ് മാനേജ്മെന്റ് കമ്പനിയെ പണിയേൽപ്പിച്ചു കോടികൾ കൊയ്യുന്ന തന്ത്രമായിരുന്നു ഇവിടെ നടന്നതും. സമാനമായ പരിപാടികൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചില ബിസിനസ് ഗ്രൂപ്പുകളുമായി ചേർന്ന് മൃദംഗ വിഷൻ ആസൂത്രണം ചെയ്തിരുന്നു എന്നും സൂചനയുണ്ട്.