ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ചത് വളരെ വൈകിയെന്നും നേരത്തെ ഇത് ചെയ്തിരുന്നെങ്കിൽ രാജ്യാന്തര സംഘടനകളിൽ നിന്നടക്കം അധിക സാമ്പത്തിക സഹായങ്ങൾ ലഭിച്ചേനെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്.

ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്‍റ് സെക്രട്ടറി കത്തില്‍ പറയുന്നത്. കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചോ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനെ കുറിച്ചോ സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്നു തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ചോ കത്തില്‍ സൂചനകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഓഗസ്റ്റ് 17ന് ദുരിതാശ്വാസ മെമോറാണ്ടത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് മൂന്നു കാര്യങ്ങള്‍ ആണ്. മേപ്പാടി ദുരന്തത്തെ അതിതീവ്ര ദുരന്തം (എല്‍3) ആയി പ്രഖ്യാപിക്കുക, 1202.1 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതിനാല്‍ ദുരിതാശ്വാസത്തിനായി അടിയന്തര സഹായമായി 219 കോടി രൂപ നല്‍കുക, ദുരന്ത നിവാരണ നിയമത്തിന്‍റെ സെക്ഷന്‍ 13 പ്രകാരം ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക. രണ്ടാംഘട്ടത്തില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ 13ന് നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പിഡിഎന്‍എ) റിപ്പോര്‍ട്ടില്‍ പുനര്‍നിര്‍മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2221 കോടി രൂപ വേണ്ടിവരും എന്ന് കണക്കാക്കുന്നുവെന്നും ഈ ആവശ്യം പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (എന്‍ഡിആര്‍എഫ്) പുതിയ സ്കീം ആയ റിക്കവറി ആന്‍റ് റീകണ്‍സ്ട്രക്ഷന്‍ വിന്‍ഡോ പ്രകാരം പരമാവധി സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ദുരന്തം ഉണ്ടായി ഒരു മാസത്തിനുള്ളില്‍ തന്നെ കേരളത്തിന്‍റെ ആദ്യ ആവശ്യം ഇന്‍റര്‍മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം പരിശോധിച്ച് വയനാട്ടിലേത് അതിതീവ്ര ദുരന്തമാണെന്ന് കണ്ടെത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഹൈ ലെവല്‍ കമ്മിറ്റി കൂടാത്തതിനാല്‍ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കേണ്ട ഈ ശുപാര്‍ശ 2 മാസം വെളിച്ചം കണ്ടില്ല. ഹൈ ലെവല്‍ കമ്മിറ്റി യോഗത്തിനുശേഷം സംസ്ഥാനത്തിന് അയക്കുന്ന കത്ത് പോലും ഡിസംബറിലാണ് നല്‍കിയത്. ഈ കത്തിലും അതിതീവ്ര ദുരന്തം ആണോ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. 

ഇപ്പോള്‍, സംസ്ഥാനത്തിന്‍റെ നിരന്തര സമ്മര്‍ദത്തിന് ഒടുവില്‍ ഇക്കഴിഞ്ഞ ദിവസം മാത്രമാണ് മേപ്പാടിയിലേത് അതിതീവ്ര ദുരന്തമാണ് എന്ന് കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ദുരന്തം ഉണ്ടായി 2 മാസത്തിനുള്ളില്‍ ഈ അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ യുഎന്‍ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവരില്‍നിന്നും  അധിക സാമൂഹിക സഹായം ലഭ്യമാക്കാനാകുമായിരുന്നു. പക്ഷേ, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും മേപ്പാടിക്കു ശേഷം ദുരന്തമുണ്ടായ സഹചര്യത്തില്‍ ഇത് ഇനി എത്ര കണ്ട് ലഭിക്കുമെന്നറിയില്ല. ആ അവസരമാണ് ഈ കാലതാമസത്തിലൂടെ നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിയും സര്‍ക്കാരും നിരന്തരം ആവശ്യപ്പെട്ടപ്പോഴാണ് 153 കോടി രൂപ അടിയന്തര സഹായം അനുവദിച്ചത്. എന്നാൽ കേരളത്തില്‍ എസ്ഡിആര്‍എഫില്‍ തുക ലഭ്യമായതിനാല്‍ അധികസഹായം നല്‍കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഹൈക്കോടതി പോലും ഇത് ശരിയല്ലെന്ന് കണ്ട് കേന്ദ്രത്തിന് ചില ശുപാർശകൾ പരിഗണനയ്ക്കായി നൽകി. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുകയെന്നതാണ് സംസ്ഥാനം ഉന്നയിച്ച പ്രധാന ആവശ്യം. എന്നാൽ കേന്ദ്രം ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. ഈ ആവശ്യം പരിഗണിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരണം. 

കഴിഞ്ഞ ദിവസം ലഭിച്ച കത്തിലൂടെ കേരളത്തിന്‍റെ പ്രാഥമിക ആവശ്യം കേന്ദ്രം അംഗീകരിച്ചതിനാല്‍ തുറന്നു കിട്ടുന്ന അവസരങ്ങള്‍ സംസ്ഥാനം വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികളില്‍ 25% വരെ ദുരന്തനിവാരണത്തിന് വിനിയോഗിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും, എസ്.എ.എസ്.സി.ഐ (സ്കീം ഫോര്‍ സ്പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്‍റ്) പദ്ധതി വഴി ഇതുവരെ ഈ വര്‍ഷം  കേരളത്തിന് ലഭിച്ച തുകയുടെ 50% അധികമായി ദുരന്ത നിവരണത്തിനും ദുരന്ത ബാധിത മേഖലയിലെ പുനര്‍ നിര്‍മാണത്തിനും ആവശ്യപ്പെടാം, രാജ്യത്തെ മുഴുവന്‍ എംപിമാരോടും മേപ്പാടി പുനര്‍നിര്‍മാണത്തിന് തുക അനുവദിക്കണം എന്ന് അഭ്യര്‍ഥിക്കാം തുടങ്ങിയ അവസരങ്ങളെല്ലാം സർക്കാർ ഫലപ്രദമായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Wayanad Landslide: Chief Minister Pinarayi Vijayan criticizes the Central delayed recognition of the Wayanad landslide as a severe catastrophe, highlighting the loss of potential international aid and loan waivers for affected individuals

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com