ഒരാഴ്ചയായി, അവസാനദിവസം സുരക്ഷാപ്രശ്നം!; ഫ്ലവർ ഷോ നിർത്തണമെന്ന് കൊച്ചി കോർപറേഷൻ

Mail This Article
കൊച്ചി∙ കൊച്ചിയിലെ ഫ്ലവർ ഷോ നിർത്തിവയ്ക്കാൻ നഗരസഭയുടെ ഉത്തരവ്. ഡിസംബർ 22ന് ആരംഭിച്ച് ഇന്ന് അവസാനിക്കുന്ന ഫ്ലവർ ഷോയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നു കാട്ടി നിർത്തിവയ്ക്കാൻ കൊച്ചിൻ കോർപറേഷൻ നോട്ടിസ് നൽകിയത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ പരിപാടിക്കിടെയുണ്ടായ സുരക്ഷാവീഴ്ച മൂലം ഉമ തോമസ് എംഎൽഎയ്ക്കു ഗുരുതര പരുക്കേൽക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നടപടി എന്നാണ് സൂചന. സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയെക്കുറിച്ചു നഗരസഭ അറിയാതിരുന്നതും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടക്കം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണു പരിഹാസ്യ നടപടിയുമായി നഗരസഭ അധികൃതർ രംഗത്തെത്തിയത്.
‘‘യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തി വരുന്ന ഫ്ലവർ ഷോ ഉടനെ നിർത്തി വയ്ക്കേണ്ടതാണെന്നും പരിപാടിയിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിക്കുകയാണെങ്കിൽ ഉത്തരവാദിത്തം സംഘാടകർക്കും ജിസിഡിഎ അധികൃതർക്കുമായിരിക്കും’’ എന്ന് നോട്ടിസിൽ പറയുന്നു. ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയും ജിസിഡിഎയും ചേർന്നാണ് ഫ്ലവർ ഷോ നടത്തുന്നത് എന്നതാണു രസകരം. മറൈൻഡ്രൈവിൽ 54,000 ചതുരശ്രയടി സ്ഥലത്ത് നടക്കുന്ന ഫ്ലവർ ഷോയ്ക്ക് ഒട്ടേറെ കാഴ്ചക്കാരുമുണ്ട്. ഉദ്ഘാടനം ചെയ്തതാകട്ടെ മന്ത്രി പി.രാജീവും. രാത്രി 9 വരെയായിരുന്നു പ്രദർശന സമയം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമായിരുന്നു പ്രവേശന ഫീസ്.
ഇന്നലെ സമാപിക്കേണ്ടിയിരുന്ന ഫ്ലവർ ഷോ ഇന്നത്തേക്കുകൂടി നീട്ടുകയായിരുന്നു. അതിനിടെയാണ് ഫ്ലവർ ഷോ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ മാനദണ്ഡങ്ങൾ നഗരസഭ അധികൃതർ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഫ്ലവർ ഷോയുടെ സുരക്ഷയും പരിശോധിച്ചത്. കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി നഗരസഭാ അധികൃതർ അറിഞ്ഞിരുന്നില്ല. കോർപറേഷൻ മേയറെ സംഘാടകർ ക്ഷണിച്ചത് പരിപാടിയുടെ തലേന്നായതിനാൽ അദ്ദേഹം പങ്കെടുത്തിരുന്നുമില്ല.
ഇതിനിടെ, വിവരം നഗരസഭാ അധികൃതരെ അറിയിച്ചില്ല എന്നാരോപിച്ച് കലൂരിലെ ഹെൽത്ത് ഇൻസ്പെക്ടറെ നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു. അനധികൃതമായി സ്റ്റേജ് നിർമിച്ചിട്ടും നഗരസഭയോ ജിസിഡിഎയോ ഇതിനെതിരെ നടപടി എടുക്കാതിരുന്നതിൽ വിമര്‍ശനം ശക്തമാണ്. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ളയും ഉമ തോമസ് വീഴുന്ന സമയത്തു വേദിയിൽ ഉണ്ടായിരുന്നു.