‘എൻഎസ്എസ് മതനിരപേക്ഷതയുടെ കുലീന ബ്രാൻഡ്’: മന്നം ജയന്തി സമ്മേളനത്തിൽ ചെന്നിത്തല

Mail This Article
കോട്ടയം ∙ മതനിരപേക്ഷതയുടെ ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ് എന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ഈ മണ്ണുമായി ഏറ്റവും ബന്ധമുള്ള ആളാണു ഞാൻ. അത് ആർക്കും പറിച്ചുനീക്കാനാകില്ല. എൻഎസ്എസ് മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷത പാലിക്കാൻ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി അടക്കം ജാഗ്രത പാലിക്കുന്നു. കത്തിച്ചുവച്ച നിലവിളക്കു പോലെ മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുകയാണ് എൻഎസ്എസ്. സമുദായങ്ങൾ തമ്മിൽ തല്ലുകൂടണമെന്ന് ആഗ്രഹിക്കുന്നവർക്ക് എൻഎസ്എസിനോടു നീരസം ഉണ്ടാകാം.
കേരളം ഇന്ത്യയ്ക്കു സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ അഗ്രഗണ്യനാണു മന്നത്ത് പത്മനാഭൻ. ചരിത്രത്തിന്റെ തങ്കത്താളുകളിൽ മന്നത്തിന്റെ സംഭാവന എഴുതപ്പെട്ടിട്ടുണ്ട്. അധ്വാനിച്ചു ജീവിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. സമുദായത്തിന്റെ ശക്തിദൗർബല്യങ്ങൾ ആഴത്തിൽ അദ്ദേഹം മനസ്സിലാക്കി. മാറ്റം ഓരോ വ്യക്തിയിലും കുടുംബത്തിലും വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അകവും പുറവും സൗന്ദര്യവുമുള്ള മഹാനായിരുന്നു.
ശൂന്യതയിൽനിന്നു സാമ്രാജ്യം കെട്ടിപ്പെടുത്തിയ മഹാനുഭാവനാണു മന്നം. ട്രൂ ലീഡറാണ് അദ്ദേഹം. ആത്മവിശ്വാസത്തിന്റെ മറുപേരാണ് മന്നം. അങ്ങനെ സമുദായത്തിനും അദ്ദേഹം ആത്മവിശ്വാസം പകർന്നു നൽകി. കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണു മന്നം. ക്ഷേത്രപ്രവേശന വിളംബരത്തിനു ചാലക ശക്തിയായതു സവർണ ജാഥയാണ്. രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല മന്നം. രാഷ്ട്രീയ രംഗത്ത് തെറ്റുകൾ ഉണ്ടായാൽ അതിനെതിരെ നിലപാടുകൾ സ്വീകരിച്ചിരുന്നു.
ജനങ്ങളിൽനിന്നു ഭരണകൂടം അകന്നുപോയാൽ ജനങ്ങളെ മുന്നിലെത്തിക്കുമെന്നതു വിമോചന സമരം വഴി അദ്ദേഹം കാണിച്ചു നൽകി. നിലവിലുള്ള ഭരണകൂടങ്ങൾക്കും ഇതു ബാധകമാണ്. ശബരിമലയിൽ സർക്കാരും കോടതിയും അനീതി കാട്ടിയപ്പോൾ വിശ്വാസസമൂഹത്തിനായി എൻഎസ്എസ് പോരാടി’’ – രമേശ് ചെന്നിത്തല പറഞ്ഞു.