ADVERTISEMENT

കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ 5 സെന്റ് സ്ഥലവും വീടും മാത്രം നൽകുമെന്നത് അംഗീകരിക്കാനാകില്ലെന്നു ദുരന്തബാധിതർ. 10 സെന്റ് സ്ഥലവും വീടും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും കൽപറ്റയിൽ 5 സെന്റും വീടും നൽകുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. അതേസമയം മേപ്പാടിയിലെ ടൗൺഷിപ്പിൽ 10 സെന്റ് നൽകാനാണ് തീരുമാനം.

കൽപറ്റ ടൗണിലെ ബൈപാസിനോട് ചേർന്നുള്ള എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് 5 സെന്റ് സ്ഥലവും വീടും നെടുമ്പാലയിൽ 10 സെന്റും വീടും നൽകാനാണ് തീരുമാനമായത്. ഇരു സ്ഥലത്തേയും ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണിത്. 5 സെന്റ് സ്ഥലം വളരെ പരിമിതമാണെന്നും അതിനാൽ സ്ഥലം കൂട്ടണമെന്നുമാണ് ദുരന്തബാധിതരുടെ ആവശ്യം.

എൽസ്റ്റൺ എസ്റ്റേറ്റിലെ 5 സെന്റ് ഭൂമി അംഗീകരിക്കാനാകില്ലെന്ന് ചൂരൽമല ആക്‌ഷൻ കമ്മിറ്റി മന്ത്രി കെ. രാജനെ നേരിൽകണ്ട് അറിയിച്ചു. നെടുമ്പാലയിലേതുപോലെ 10 സെന്റ് തന്നെ വേണമെന്നും ആവശ്യപ്പെട്ടു. ടൗൺഷിപ്പിൽ പറഞ്ഞ ആശുപത്രിയോ സ്കൂളോ ആവശ്യമില്ലെന്നും ആ ഭൂമി കൂടി വീടുകൾക്കായി നൽകണമെന്നും അറിയിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി മറുപടി നൽകി.

രണ്ടു സ്ഥലവും അനുയോജ്യം

അഞ്ഞൂറോളം വീടുകളാണ് നിർമിക്കേണ്ടത്. ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ കൂടുതൽ സ്ഥലമുള്ളവർക്കും തോട്ടംമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കും നെടുമ്പാലയിലെ ടൗൺഷിപ്പിനോടാണ് താൽപര്യം. മറ്റു പല സ്ഥലങ്ങിലും ജോലി ചെയ്യുന്നവർക്ക് കൽപറ്റയിലെ ടൗൺഷിപ്പാണ് സൗകര്യം. രണ്ട് ടൗൺഷിപ്പുകളിലും ഏകദേശം തുല്യമായ എണ്ണം വീടുകളായിരിക്കും നിർമിക്കേണ്ടി വരിക എന്ന് ചൂരൽമല വാർഡ് മെംബർ നൂറുദ്ദീൻ പറഞ്ഞു.

എന്നാൽ കൽപറ്റയിൽ 5 സെന്റ് എന്നത് ദുരന്തബാധിതർ അംഗീകരിക്കാൻ സാധ്യതയില്ല. കുറഞ്ഞത് 8 സെന്റെങ്കിലും വേണ്ടി വരും. പുത്തുമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മേപ്പാടിയിൽ നൽകിയത് 7 സെന്റ് വീതമാണ്. 5 സെന്റ് സ്ഥലത്തു വീടു നിർമിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല. അതേ സമയം, സർക്കാർ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളും ഏറ്റവും അനുയോജ്യമായതാണെന്നും നൂറുദ്ദീൻ പറഞ്ഞു. 

ദുരന്തമുണ്ടായി അഞ്ച് മാസം കഴിഞ്ഞിട്ടും പൂർണമായ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. ഈ മാസം 25നകം പട്ടിക പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ 388 പേരുകളെ ഉൾപ്പെട്ടിരുന്നുള്ളൂ. അതിൽ തന്നെ പലതും ആവർത്തനമായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. ഇതോടെയാണ് ആക്ഷേപങ്ങൾ പരിഹരിച്ച് പുതിയ പട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചത്. 

കൃഷിയിടങ്ങളിലേക്ക് മടങ്ങി ദുരന്തബാധിതർ

വിളവെടുപ്പ് സമയമായതോടെ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലേക്ക് കൃഷിക്കാർ തിരിച്ചെത്താൻ തുടങ്ങി. കാപ്പിക്കും ഏലത്തിനും നല്ല വിലയുള്ളതിനാൽ വിളകൾ പറിച്ചെടുക്കുകയാണ്. തേയിലത്തോട്ടങ്ങളിലും ഏറക്കുറെ പണി പുനഃരാരംഭിച്ചു. ടൗൺഷിപ്പിലേക്ക് മാറിയാലും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ അവകാശം ഉടമകളിൽ തന്നെ തുടരുമെന്നാണു സർക്കാർ അറിയിച്ചത്.

അവിടം വനപ്രദേശമായി മാറാതിരിക്കാൻ കലക്ടീവ് ഫാമിങ് ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. തേയിലത്തോട്ടം എച്ച്എംഎൽ പ്ലാന്റേഷന്റെ കീഴിലാണെങ്കിലും ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ധാരാളം ചെറുകിട കർഷകരുമുണ്ട്. ഉരുൾപൊട്ടിയ പുഴയോട് ചേർന്നുള്ള സ്ഥലമാണ് ഒലിച്ചുപോയത്. ബാക്കി ഭൂരിഭാഗം സ്ഥലത്തും കൃഷിയുണ്ട്. കലക്ടീവ് ഫാമിങ്ങുൾപ്പെടെ നടപ്പാക്കിയാൽ ചൂരൽമലയിലും മുണ്ടക്കൈയിലും വീണ്ടും കൃഷി സജീവമാകും. കാപ്പിയും ഏലവും നല്ല രീതിയിൽ വിളയുന്ന സ്ഥലമാണിത്. 

പുതിയ ടൗൺഷിപ് വരുന്നതോടെ കന്നുകാലി വളർത്തി ജീവിച്ചിരുന്നവരുടെ കാര്യത്തിലാണ് അനിശ്ചിതത്വം. പരിമിതമായ സ്ഥലമായതിനാൽ ടൗൺഷിപ്പിൽ കന്നുകാലി വളർത്തൽ സാധിക്കില്ല. ചൂരൽമലയിലും മുണ്ടക്കൈയിലും പ്രത്യേകം ഫാം ഹൗസുകൾ ആരംഭിക്കേണ്ടി വരും. അതിനാൽ കൃഷി ഉപജീവനമാർഗമാക്കിയവർ തിരഞ്ഞെടുക്കുന്നത് നെടുമ്പാലയിലെ ടൗൺഷിപ്പായിരിക്കും. മേപ്പാടി ടൗണിന് സമീപത്തായാണ് നെടുമ്പാല.  

പുതുവർഷത്തിൽ ടൗൺഷിപ്പിനെക്കുറിച്ചുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചതിൽ ദുരന്തബാധിതർ ആശ്വാസത്തിലാണ്. കുറ്റമറ്റരീതിയിൽ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് കൽപറ്റയിൽ 5 സെന്റ് എന്നുള്ളത് വർധിപ്പിച്ച് എത്രയും വേഗം നിർമാണ പ്രവർത്തികൾ തുടങ്ങണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.

English Summary:

Wayanad Landslide Victims Demand Increased Land Allocation

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com