‘ഇ സ്റ്റാംപ്’ ആക്കിയിട്ടും ജനങ്ങൾ ‘പോസ്റ്റ്’; മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും കിട്ടാതെ മടക്കം

Mail This Article
തിരുവനന്തപുരം∙ മുദ്രപത്രം കിട്ടാനില്ലാത്തതിന്റെ പരിഹാരമായി സംസ്ഥാനം സമ്പൂര്‍ണ ഇ സ്റ്റാംപിങ് രീതയിലേക്കു മാറിയിട്ടും ജനങ്ങള്‍ക്കു ദുരിതം. പലയിടത്തും വെണ്ടര്‍മാരുടെ ഓഫിസിനു മുന്നില്‍ വലിയ ക്യൂ ആണ് അനുഭവപ്പെടുന്നത്. ജോലിക്കു പോകാതെ ഇ സ്റ്റാംപ് വാങ്ങാനെത്തുന്ന പലര്‍ക്കും മണിക്കൂറുകള്‍ ക്യൂനിന്നു മടങ്ങേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. മുന്‍പ് വെണ്ടര്‍മാരുടെ അടുത്തെത്തി പണം നല്‍കി മുദ്രപത്രം വാങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ സ്റ്റാംപിലേക്കു മാറിയതോടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും സയമനഷ്ടം ഉണ്ടാക്കുന്നതുമായെന്നാണു പരാതി.
ഒടിപി സംവിധാനമായതിനാല്‍ ഇ സ്റ്റാംപിനായി അപേക്ഷകന്‍ നേരിട്ടെത്തണമെന്നതും ബുദ്ധിമുട്ടാണെന്നു പരാതിയുണ്ട്. ഇ സ്റ്റാംപിങ് നടപ്പാക്കുന്നതിനാല്‍ ഈ വര്‍ഷം മുദ്രപ്പത്രം അച്ചടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍നിന്നാണ് അച്ചടിക്കാറുള്ളത്. അവിടെനിന്നു സംസ്ഥാന സ്റ്റാംപ് ഡിപ്പോയിലേക്കു കൊണ്ടുവരും. ജില്ലാ ട്രഷറികളില്‍ എത്തിച്ച് സബ് ട്രഷറി മുഖേനയാണ് വെണ്ടര്‍മാര്‍ക്ക് മുദ്രപ്പത്രങ്ങളും സ്റ്റാംപുകളും നല്‍കുക. കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് ഇ സ്റ്റാംപിങ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ ഇ സ്റ്റാംപിലേക്കു മാറിയിട്ടും തിരുവനന്തപുരം ഉള്‍പ്പെടെ പല ജില്ലകളിലും ആവശ്യത്തിനുള്ളത് കിട്ടാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സെര്‍വര്‍ തകരാറാണ് പലയിടത്തും വില്ലനാകുന്നത്. പലരും മണിക്കൂറുകള്‍ കാത്തിനിന്നിട്ടും ഇ സ്റ്റാംപ് വാങ്ങാന്‍ കഴിയാതെ മടങ്ങേണ്ട നിലയിലാണ്. വെണ്ടര്‍മാരുടെ കൈവശമുള്ള മുദ്രപത്രങ്ങള്‍ വിറ്റുതീര്‍ക്കാന്‍ 2025 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളും ഇപ്പോള്‍ വായ്പകള്‍ക്കും മറ്റുമായി ഇതു സ്വീകരിക്കുന്നില്ല. ഇ സ്റ്റാംപ് തന്നെ വേണമെന്നു ബാങ്കുകള്‍ നിര്‍ബന്ധം പിടിക്കുന്നതോടെ വലയുന്നത് സാധാരണക്കാരാണ്. തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലെ വെണ്ടറുടെ ഓഫിസിനു മുന്നില്‍ വലിയ ക്യൂ ആണ് രാവിലെ തന്നെ ഉണ്ടായിരുന്നത്. സെര്‍വര്‍ തകരാറില്‍ ആയതോടെ ടോക്കണ്‍ നല്‍കുകയായിരുന്നു. പലരും മറ്റു സ്ഥലങ്ങളിലേക്കു പാഞ്ഞു.
50, 100, 200, 500 രൂപയുടെ മുദ്രപത്രങ്ങളാണ് ഇ സ്റ്റാംപിലേക്കു മാറി സ്റ്റാംപ് വെണ്ടര്‍മാര്‍ വഴി മാത്രമാക്കിയത്. വാടകക്കരാര്‍, പണയ കരാര്‍, വസ്തുവില്‍പ്പന കരാര്‍, ലൈസന്‍സ് കരാറുകള്‍, സത്യവാങ്മൂലം, ഡെത്ത്, ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവക്കാണു ചെറിയ മുദ്രപത്രങ്ങള്‍ വേണ്ടിവരുന്നത്. പലയിടത്തും പഴയ രീതിയിലുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല. ഇ സ്റ്റാംപ് വാങ്ങാനെത്തുന്നവര്‍ക്ക് സ്റ്റാംപ് വെണ്ടര്‍മാരുടെ ഓഫിസിനു മുൻപിൽ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണ്. ചെറിയ മുദ്രപത്രങ്ങള്‍ വാങ്ങാന്‍ രണ്ടു ദിവസത്തോളം ജോലി നഷ്ടപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. ആദ്യ ദിവസം ക്യൂനിന്ന് സ്റ്റാംപ് പേപ്പറിനുള്ള ടോക്കണ്‍ വാങ്ങണം. പിറ്റേ ദിവസം വന്ന് വീണ്ടും ക്യൂ നിന്ന് വിവരങ്ങള്‍ നല്‍കി ഒടിപി കൊടുത്ത് പത്രം വാങ്ങിക്കണം.
മുദ്രപത്രം എന്ത് ആവശ്യത്തിനാണെന്നു പറയണം, അതനുസരിച്ചുള്ള കോഡില്‍ കയറി വേണം വെണ്ടര്‍ക്ക് അപ്പ്‌ലോഡ് ചെയ്യാന്‍. ഒന്നാം കക്ഷിയുടെയും രണ്ടാം കക്ഷിയുടെയും പേര്, മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന് ഒടിപിക്കായി ഫോണ്‍ നമ്പറും നല്‍കി കാത്തിരിക്കണം. അതിനിടയില്‍ ട്രഷറി സൈറ്റ് ഡൗണാകുകയോ മറ്റോ ചെയ്താല്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരും. ഒരുതവണ വിവരങ്ങള്‍ നല്‍കുന്നതിനിടയ്ക്ക് സോഫ്റ്റവെയര്‍ തകരാറായാല്‍ വീണ്ടും വിവരങ്ങള്‍ ചേര്‍ക്കേണ്ടി വരും. അംഗീകൃത വെണ്ടര്‍മാര്‍ ബന്ധപ്പെട്ട ട്രഷറിയില്‍നിന്നു ലഭിച്ച ലോഗിന്‍ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍നിന്ന് മുദ്രപത്രം ഡൗണ്‍ലോഡ് ചെയ്തു നല്‍കുകയാണു ചെയ്യുന്നത്. ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന ഇ സ്റ്റാംപ് വില്‍പന രീതി അവസാനിപ്പിച്ച് എല്ലാവര്‍ക്കും സ്വയം ഓണ്‍ലൈനായി ക്യാഷ് അടച്ച് ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ഒരു മുദ്രപ്പത്രം പ്രിന്റ് ചെയ്യുന്നതിന് 5 രൂപയോളം ചെലവു വരും. വെണ്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കമ്മിഷന്‍ ചെറിയ ശതമാനം മാത്രമായതിനാല്‍ പ്രിന്റിങ് ചാര്‍ജ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടിവരും. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയാണ് ചെയ്യുന്നത്.
കേരളത്തില്‍ ആര്‍ക്ക് ഇ സ്റ്റാംപ് ആവശ്യമായി വന്നാലും സംസ്ഥാനത്തുള്ള 1500 വെണ്ടര്‍മാരെ മാത്രമേ ആശ്രയിക്കാന്‍ കഴിയൂ. സൗജന്യമായി പ്രിന്റ് എടുത്തുകൊടുക്കാനുള്ള സംവിധാനവും സൗകര്യവും ഒരുക്കേണ്ടതിനാല്‍ പകുതി പേരും ഇതുവരെ ഫലപ്രദമായി ഇതു നടപ്പാക്കാന്‍ തുടങ്ങിയിട്ടില്ല. ഫലത്തില്‍ ഇ സ്റ്റാംപ് പത്രങ്ങള്‍ കിട്ടാതെ ജനം കൂടുതല്‍ ദുരിതത്തിലാകും. ബോണ്ട് പേപ്പറില്‍ ആണ് ഇ സ്റ്റാംപ് പ്രിന്റ് എടുത്തു കൊടുക്കേണ്ടത്. ഇതിനുള്ള പണം നല്‍കി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനിടയ്ക്ക് സെര്‍വര്‍ തകരാറില്‍ ആയാല്‍ കൊടുത്ത പണം അന്നുതന്നെ മടക്കിക്കിട്ടില്ല. ഉദാഹരണത്തിന് 500 രൂപ നല്‍കി ഇ സ്റ്റാംപിനായി വിവരം അപ്‌ലോഡ് ചെയ്യുമ്പോള്‍ തകരാറ് ഉണ്ടായാല്‍ വീണ്ടും അപേക്ഷിക്കണമെങ്കില്‍ 500 രൂപ കൂടി അപ്പോള്‍ തന്നെ നല്‍കേണ്ടിവരും. പ്രിന്റ് ചെയ്ത ഇ സ്റ്റാംപില്‍ ഏതെങ്കിലും തരത്തില്‍ തെറ്റ് സംഭവിച്ചാല്‍ തിരുത്താനും അവസരം ഉണ്ടായിരിക്കില്ല. വീണ്ടും പണം നല്‍കി ഇ സ്റ്റാംപ് വാങ്ങുകയാകും മുന്നിലുള്ള ഏക പോംവഴി. കൃത്യം പണവുമായി എത്തുന്ന സാധാരണക്കാരാണ് ഇതു മൂലം വലയുന്നത്.
ഇ സ്റ്റാംപിങ്ങിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ കണ്ടെങ്കിലും അദ്ദേഹം അതു ഗൗരവമായി പരിഗണിച്ചില്ലെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍ പറഞ്ഞു. ജനങ്ങള്‍ക്കു ഗുണപ്രദമായ രീതിയില്‍ പദ്ധതി നടപ്പാക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് ആധാരം എഴുത്തുകാര്‍ തന്നെയാണ് ഇ സ്റ്റാംപ് പത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. അതേ മാതൃകയില്‍ ഒരു ലക്ഷത്തിനു താഴെയുള്ള ഇടപാടുകള്‍ക്കും കമ്മിഷന്‍ കൂടാതെ പത്രം എടുത്തു കൊടുക്കാന്‍ ആധാരം എഴുത്തുകാര്‍ക്ക് അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
50 രൂപ പത്രത്തിനു വേണ്ടി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണു നാട്ടുകാര്‍ക്കുള്ളത്. അടിയന്തര ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്കു പത്രം എടുത്ത് രേഖ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുന്ന നിലയല്ല ഇപ്പോഴുള്ളത്. സര്‍ക്കാരിനു യാതൊരു ധനപരമായ നഷ്ടവും ഇല്ലാത്ത തരത്തില്‍ സേവനം നല്‍കാമെന്നാണ് ഞങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതു പരിഗണിക്കാന്‍ പോലും തയാറാകുന്നില്ല. സ്റ്റാമ്പ് വെണ്ടറും ആധാരം എഴുത്തുകാരുമായ ആളുകള്‍ക്കു മാത്രമേ സൗജന്യമായി ഇത് ഇപ്പോള്‍ കൊടുക്കാന്‍ കഴിയൂ. അതിനായി കളര്‍ പ്രിന്ററും കംപ്യൂട്ടറും വാങ്ങി ഒരു ജീവനക്കാരനെ നിയമിക്കേണ്ടിവരും. ഇത്രയും ബാധ്യത അയാള്‍ക്കുണ്ടാകും. ഭാവിയില്‍ ഇതിന്റെ ഫീസ് കൂടി ജനങ്ങള്‍ക്കു മേല്‍ വരുന്ന നിലയുണ്ടാകുമെന്നും ഇന്ദുകലാധരന്‍ പറഞ്ഞു.