‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’

Mail This Article
കോട്ടയം∙ പാർട്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സിബിഐ കണ്ടെത്തൽ. ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നാണ്. യഥാർഥത്തിൽ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്.
ഈ വിധി അവസാന വാക്കല്ലെന്നും ഉയർന്ന കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ പഞ്ഞു. സിപിഎമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച സിബിഐ നിലപാടിനെ ഫലപ്രദമായി ചെറുക്കും. പൊലീസ് കണ്ടെത്തിയതാണ് സിബിഐയും കണ്ടെത്തിയിരിക്കുന്നത്. പൊലീസ് കണ്ടെത്തിയതിന് അപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ല.
രാഷ്ട്രീയ ഉദ്ദേശ്യം വച്ച് പാർട്ടിക്കാരെയും നേതാക്കളെയും സിബിഐ കേസിൽ ഉൾപ്പെടുത്തി. എന്നാൽ വധക്കേസിൽ ഭാഗമാക്കാൻ കഴിഞ്ഞില്ല. അതിനു വേറെ ചില വകുപ്പുകൾ സിബിഐ ഉപയോഗിച്ചു. പെരിയ കൊലക്കേസിൽ ഉൾപ്പെട്ട സിപിഎമ്മുകാർക്കെതിരെ അന്നു തന്നെ പാർട്ടി നടപടിയെടുത്തതായും എം.വി.ഗോവിന്ദൻ പറഞ്ഞു.