വയനാട് ടൗൺഷിപ്പ്: എസ്റ്റേറ്റുകളിലെ ഭൂമിയേറ്റെടുക്കലിൽ സർക്കാർ നിയമോപദേശം തേടി

Mail This Article
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ടു ടൗൺഷിപ്പുകൾക്കായി കൽപറ്റയിലെയും നെടുമ്പാലയിലെയും എസ്റ്റേറ്റുകളിലെ ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച നിയമവശം പരിശോധിക്കുന്നതിനു സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി. എസ്റ്റേറ്റ് ഭൂമി കൈവശമുള്ളവരുമായി കരാറിൽ ഏർപ്പെടാനുള്ള കോടതി വിധി എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ചാണു പ്രധാനമായും നിയമോപദേശം തേടുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നിർണയിച്ചു മുൻകൂർ തുക നൽകണമെന്നാണു വിധി. എസ്റ്റേറ്റുകളിലൊന്നിന്റെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു സബ് കോടതിയിലും മറ്റൊന്നിൽ മിച്ചഭൂമിയുമായി ബന്ധപ്പെട്ടു താലൂക്ക് ലാൻഡ് ബോർഡിലും കേസുകളുണ്ട്. ഈ കേസുകളിൽ വിധി എതിരായാൽ തുക തിരിച്ചു നൽകണമെന്ന് എസ്റ്റേറ്റിന്റെ കൈവശക്കാർ ഉറപ്പു നൽകുന്നതിനാണു കരാർ.
ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം, ഏറ്റെടുക്കേണ്ട ഭൂമിയുടെ നഷ്ടപരിഹാരം നിശ്ചയിച്ചു കഴിഞ്ഞാൽ പൊതു നോട്ടിസ് നൽകി അവകാശികളെ തേടണം. തുടർന്ന് ഭൂമിയുടെ അവകാശികളെ നിശ്ചയിക്കാനായി ജില്ലാ കലക്ടർ അവാർഡ് എൻക്വയറി നടത്തണം. അവകാശത്തർക്കമുള്ള കേസുകളിൽ തുക കോടതികളിൽ കെട്ടിവയ്ക്കുകയാണു ചെയ്യുക. വയനാട്ടിലെ ഭൂമിയുടെ കാര്യത്തിൽ തുക കോടതിയിൽ കെട്ടിവയ്ക്കാമെന്നു സർക്കാർ അറിയിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. പകരം കരാർ വയ്ക്കാനാണു നിർദേശം.