‘മകൻ തെറ്റു ചെയ്താൽ അമ്മയാണോ ഉത്തരവാദി?’: യു.പ്രതിഭയ്‌ക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രൻ

Mail This Article
കായംകുളം∙ സിപിഎം എംഎൽഎ യു.പ്രതിഭയ്‌ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. പ്രതിഭ എംഎൽഎയുടെ മകൻ രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്നും ശോഭ ചോദിച്ചു.
‘‘അമ്മയ്ക്കു മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല. യു.പ്രതിഭ എംഎൽഎയെപ്പോലൊരു പൊതുപ്രവർത്തകയ്ക്ക് ഒട്ടും സാധിക്കില്ല. മകൻ തെറ്റു ചെയ്താൽ അമ്മയാണോ ഉത്തരവാദി? സാംസ്കാരിക മന്ത്രിക്കു സംസ്കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത്.’’– ശോഭ പറഞ്ഞു.
ജി.സുധാകരൻ അഴിമതിരഹിതമായി ഭരിച്ച പൊതുമരാമത്ത് വകുപ്പിൽ മുഖ്യമന്ത്രിയും മരുമകനും ചേർന്നു കുടുംബാധിപത്യവും അഴിമതിയും നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. കായംകുളത്തു മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്നവരെ സ്വീകരിക്കുന്ന ജനമുന്നേറ്റ സദസ്സിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റിയംഗം സാക്കിർ ഹുസൈൻ ഉൾപ്പെടെ 51 പേരും കോൺഗ്രസിൽനിന്നു 46 പേരും ഉൾപ്പെടെ 218 പേർ ബിജെപിയിൽ ചേർന്നതായി നേതാക്കൾ അവകാശപ്പെട്ടു.