ഡൽഹിയിൽ തിരഞ്ഞെടുപ്പ് കളമൊരുങ്ങി, ബോബി ചെമ്മണൂരിനെതിരെ കേസ്– പ്രധാനവാർത്തകൾ

Mail This Article
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും വ്യവസായി ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകിയതും നേപ്പാൾ– ടിബറ്റ് അതിർത്തിയിലെ ഭൂചലവുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ.
ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്. ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണൽ. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 17. സൂക്ഷ്മപരിശോധന 18നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 20നുമാണ്.
ബോബി ഗ്രൂപ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ 95 മരണം. ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് ആശങ്കയുള്ളതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കണ്ണൂർ കണ്ണപുരം ചുണ്ടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കു ജീവപര്യന്തം. ഇവരിൽ 2 പേർ സഹോദരങ്ങളാണ്. അഡിഷനൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ.ജോസാണു ശിക്ഷ വിധിച്ചത്.
പുഷ്പ 2 സിനിമയുടെ റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയെ ആശുപത്രിയിൽ സന്ദർശിച്ചു നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് അല്ലു അർജുൻ കുട്ടിയെ സന്ദർശിച്ചത്.