10 വയസ്സ് കുറഞ്ഞെന്നു സതീശൻ, ശിവൻകുട്ടിക്ക് അഭിനന്ദനം; കറുത്ത ഷർട്ടിട്ട് ഞെട്ടിച്ച് ടൊവിനോ
Mail This Article
തിരുവനന്തപുരം ∙ ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാന്‍ കഴിയുന്ന കാര്യമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലോത്സവത്തില്‍ പങ്കെടുത്തതോടെ പത്തു വയസ്സ് കുറഞ്ഞതായ തോന്നലാണ് ഉണ്ടാകുന്നത്. കലോത്സവം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ അഭിനന്ദിക്കുന്നു.
ബാല്യത്തിലേക്കും കൗമാരത്തിലേക്കും ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിലേക്കും കൈ പിടിച്ചു കൊണ്ടുപോകുന്നതാണു കലോത്സവങ്ങൾ. ഓരോ മത്സരത്തിനും മാർക്കിടുക എന്നത് ജഡ്ജ്സിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. അത്രയും മികച്ച രീതിയിലാണു കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികൾ നാടിന്റെ സമ്പത്താണെന്നും സതീശൻ പറഞ്ഞു.
സ്‌കൂള്‍ പഠനകാലത്ത് ഒരു കലോത്സവത്തില്‍ പോലും പങ്കെടുക്കാന്‍ കഴിയാതിരുന്ന തനിക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞത് സിനിമ തന്ന നേട്ടമാണെന്നു നടൻ ആസിഫ് അലി പറഞ്ഞു. സര്‍ഗാത്മകമായ കഴിവുകളും സഹൃദയത്വവും സന്തോഷമായി ജീവിക്കാന്‍ നമുക്കു സഹായകരാകുമെന്നു നടൻ ടൊവിനോ തോമസ് പറഞ്ഞു. കല പ്രഫഷനായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ജീവിതകാലം മുഴുവനും കല കൈവിടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരാധകര്‍ പറഞ്ഞതനുസരിച്ചാണ് കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചെത്തിയതെന്നും ടൊവിനോ പറഞ്ഞു.
എ ഗ്രേഡ് കിട്ടിയ കുട്ടികള്‍ക്കു നല്‍കുന്ന പുരസ്‌കാരം 1000 രൂപയില്‍നിന്ന് 1500 രൂപയായി വര്‍ധിപ്പിക്കാനുള്ള നടപടി ധനവകുപ്പ് സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നടത്തിയ പ്രഖ്യാപനത്തെ കയ്യടികളോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും വരവേറ്റത്.
സ്വര്‍ണക്കപ്പ് രൂപകൽപന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപനസമ്മേളനത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. പല ഇനങ്ങളിലായി എഴുപത്തിയെട്ടോളം പുരസ്‌കാരങ്ങളാണു നല്‍കിയത്. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.