എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി ഉപസമിതി; എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ
Mail This Article
ബത്തേരി ∙ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി ഉപസമിതി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടുംബാംഗങ്ങളെ കണ്ടത്. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. കുടുംബത്തിന് പറയാനുള്ളത് മുഴുവൻ കേട്ടു. കെപിസിസി നേതൃത്വത്തിന് റിപ്പോർട്ട് നൽകും. സംഭവവുമായി ബന്ധപ്പെട്ട് പ്രവർത്തകർ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കെപിസിസി ഉപസമിതിയുമായി എല്ലാ കാര്യങ്ങളും സംസാരിച്ചെന്ന് വിജയന്റെ മരുമകൾ പത്മജ പറഞ്ഞു. അച്ഛൻ വിശ്വസിച്ച പാർട്ടിയിലാണ് ഞങ്ങളും വിശ്വസിക്കുന്നത്. ഞങ്ങളെ രക്ഷിക്കാമെന്ന് ഉറപ്പു നൽകി. എല്ലാ വിഷമങ്ങളും നേരിട്ട് പറഞ്ഞു. സാമ്പത്തിക ബാധ്യത എത്രയുണ്ടെന്ന വിവരം ശേഖരിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും സമിതി അറിയിച്ചതായും പത്മജ പറഞ്ഞു.
വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് വലിയ വിവാദം ഉടലെടുത്തത്. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകൾ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിനാലാണ് വൻ സാമ്പത്തിക ബാധ്യതയിലായതെന്നാണ് കുറിപ്പിൽ പറയുന്നത്. 10 ദിവസത്തിന് ശേഷമാണ് കുടുംബം ആത്മഹത്യക്കുറിപ്പ് പുറത്തുവിട്ടത്.
മരണം കുടുംബപ്രശ്നം മൂലമാണെന്ന് കോൺഗ്രസ് നേതൃത്വം പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് കത്ത് പുറത്തുവിടേണ്ടി വന്നതെന്നാണ് മകൻ വിജേഷ് വ്യക്തമാക്കിയത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.