‘ആരാകണം മുഖ്യമന്ത്രി എന്ന ചർച്ചയല്ല വേണ്ടത്’: ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാകണമെന്ന് എ.കെ.ആന്റണി

Mail This Article
തിരുവനന്തപുരം ∙ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്ന കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാകണമെന്നു കെപിസിസി സെമിനാറില്‍ ആന്റണി പറഞ്ഞു.
‘‘കെ.സുധാകരനുള്‍പ്പെടെയുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കണം. പക്ഷേ അധികം എടുത്തുചാടരുത് എന്നു മാത്രമേ പറയാനുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരണം. 2026 നിയമസഭ തിരഞ്ഞെടുപ്പ് അവിടെ നില്ക്കട്ടെ.
അനവസരത്തിലുള്ള ചര്‍ച്ചകള്‍ വേണ്ട എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിക്കാം. അല്ലെങ്കില്‍ സ്വീകരിക്കാതിരിക്കാം. കാരണം ഞാനല്ല ഇപ്പോള്‍ തീരുമാനിക്കേണ്ടത്. സുധാകരനും കെപിസിസിയുമാണ്’’– ആന്റണി പറഞ്ഞു.