ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കും. റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകൾ വന്ന ലൈസൻസുകൾ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടർച്ചയായുണ്ടാകുന്ന നിയമലംഘനങ്ങൾ തടയാനാകും. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷനു വേണ്ടി ആപ്പ് നിലവിൽ വരും. ഏതെങ്കിലും കാരണത്താൽ ലൈസൻസ് നഷ്ടമായാൽ തിരികെ ലഭിക്കാനുള്ള നടപടികൾ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു.  കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങൾ, റോഡരികിലെ പാർക്കിങ് എന്നിവ കർശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ അംഗീകരിച്ചു കൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിച്ചപ്പോഴും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരിൽ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റിൽനിന്ന് ഇപ്പോൾ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയിൽ ടെസ്റ്റ് നടത്താൻ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളിൽനിന്ന് ഇതുവരെ കെഎസ്ആർടിസിക്ക് ഫീസിനത്തിൽ ലഭിച്ച 46 ലക്ഷം രൂപയിൽ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേൾക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസിലാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

റോഡിലിറങ്ങുന്ന എല്ലാവർക്കും ഗതാഗത സംസ്‌കാരം ബാധകമാണ്. റോഡിൽ വാശിയുടെ ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പെരുമാറാൻ തയാറാകണം. ആദ്യം വാഹനവുമായെത്തിയവരെയും കൂടുതൽ യാത്രക്കാരുള്ള വലിയ വാഹനങ്ങളെയും ആദ്യം കടന്നുപോകാൻ അനുവദിക്കണം. റോഡിലെ മുൻഗണനകൾ നിശ്ചയിക്കുന്നതിൽനിന്ന് നമ്മളെ ഏത് സംസ്‌കാരമാണ് തടയുന്നത് എന്ന് സ്വയം പരിശോധിക്കണം. തുച്ഛമായ ലാഭത്തിനു വേണ്ടിയാണ് പലപ്പോഴും ബസുകൾ അമിതവേഗത്തിലോടുന്നത്. ഒരു ജീവൻ പൊലിയുമ്പോൾ കുടുംബാംഗങ്ങളാണ് അനാഥമാകുന്നത്. അപകടത്തിൽ കുഞ്ഞുങ്ങൾ മരിച്ച വീടുകളിലെത്തുമ്പോൾ അവരുടെ അച്ഛനമ്മമാരെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കാനാവുകയെന്ന് ചിന്തിക്കണം. കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ട കേസുകൾ വർഷങ്ങളോളം നടത്തുമ്പോൾ ഒരു കോടി രൂപയോളമാണ് നഷ്ടം വരുന്നത്. ഡ്രൈവിങ് കുറ്റകൃത്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനായി സിവിലിയൻ ആപ്പ് യുവാക്കൾ ഉപയോഗിക്കണം. ഓരോ വ്യക്തിയും നിയമപാലകരും നിരീക്ഷകരുമായാൽ അപകടങ്ങൾ വലിയതോതിൽ കുറയ്ക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

English Summary:

Geo-fencing : Geo-fencing will monitor vehicle speeds in Kerala. The government also plans to implement a black point system for driving licenses and launch an app for student bus concessions.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com