ADVERTISEMENT

തിരുവനന്തപുരം ∙ കെഎഫ്സി കരുതല്‍ ധനമായി 4 വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം എന്തിനാണ് മുതലിനും പലിശയ്ക്കും സെക്യൂരിറ്റി ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫെഡറല്‍ ബാങ്കില്‍ സുരക്ഷിതമായിരുന്ന പണം 50,000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം. കമ്മിഷന്‍ വാങ്ങി കെഎഫ്സിയുടെ പണം മുതലും പലിശയും ഇല്ലാതാക്കിയത് പാര്‍ട്ടി ബന്ധുക്കളാണ്. അഴിമതി അന്വേഷിച്ചില്ലെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചപ്പോള്‍ ധനകാര്യമന്ത്രിയും മുന്‍ ധനകാര്യമന്ത്രിയും മറുപടി പറഞ്ഞു. അതെല്ലാം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു മറുപടി നല്‍കാന്‍ ഈ രണ്ടു ധനകാര്യമന്ത്രിമാരെയും കണ്ടില്ല. കെഎഫ്സിയുടെ പത്രക്കുറിപ്പിലും തെറ്റായ കാര്യങ്ങളാണ് പറയുന്നത്. 

അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ എന്ന കമ്പനി 2018 ഏപ്രില്‍ 20ന് ഇറക്കിയ 61 കോടി രൂപയുടെ കടപ്പത്രത്തിന്റെ (എന്‍സിഡി) ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം (ഐഎം) വെബ്സൈറ്റില്‍ ലഭ്യമാണ്. ഏപ്രില്‍ 19 ന് കെഎഫ്സി പണം നിക്ഷേപിക്കാന്‍ തീരുമാനിച്ചതിന്റെ പിറ്റേ ദിവസമാണ് ആര്‍സിഎഫ്എല്‍ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം പുറത്തിറക്കിയത്. ഈ ഫണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ മൊത്തം തുകയും നഷ്ടപ്പെടാനുള്ള റിസ്‌ക്കാണ് എടുത്തിരിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടത്തില്‍ കൃത്യമായി പറയുന്നുണ്ട്. എന്‍സിഡിയില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഓരോ നിക്ഷേപകനും റിസ്‌ക് സ്വന്തമായി വിലയിരുത്തണമെന്നും സെബിയുടെയോ ആര്‍ബിഐയുടെയോ അംഗീകാരം ഇല്ലെന്നും വ്യക്തമാക്കുന്നുണ്ട്.

സെബിയുടെയും ആര്‍ബിഐയുടെയും അംഗീകാരമില്ലാത്ത എന്‍സിഡിയിലാണ് പൊതുമേഖലാ സ്ഥാപനമായ കെഎഫ്സി നിക്ഷേപം നടത്തിയത്. ഈ ഡോക്യുമെന്റിലെ ‘ക്രെഡിറ്റ് റേറ്റിങ്’ എന്ന വിഭാഗത്തില്‍ കെയര്‍ ഏജന്‍സിയുടെ റേറ്റിങ്ങിനൊപ്പം 'credit watch with developing implications' എന്നും വ്യക്തമായി പറയുന്നുണ്ട്. ഇതോടെ നിക്ഷേപം നടത്തുമ്പോള്‍ റേറ്റിങ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയിരുന്നില്ലെന്ന സര്‍ക്കാരിന്റെയും കെഎഫ്സിയുടെയും വാദവും പച്ചക്കള്ളമാണെന്നു വ്യക്തമായിരിക്കുകയാണ്. അനില്‍ അംബാനിയുടെ കമ്പനിക്കു നല്‍കിയ 50000 കോടി രൂപ തിരിച്ചു കിട്ടുന്നതിനു വേണ്ടി രാജ്യത്തെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരുന്ന സമയത്താണ് സെബിയുടെയും ആര്‍ബിഐയുടെയും അംഗീകാരമില്ലത്ത എന്‍സിഡിയില്‍ കെഎഫ്സി പണം നിക്ഷേപിച്ചത്. 

എപ്പോഴും കരുതല്‍ ധനം സൂക്ഷിക്കുന്ന സ്ഥാപനമാണ് കെഎഫ്സി. കരുതല്‍ ധനത്തിന്റെ ഭാഗമായാണ് 61 കോടി രൂപ 2018 ഏപ്രില്‍ നാലിന് 8.69 ശതമാനം പലിശയ്ക്ക് നാല് വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചത്. ആ പണമാണ് നിക്ഷേപിച്ച അതേ വര്‍ഷം തന്നെ 8.90 ശതമാനം പലിശ കിട്ടുമെന്ന് പറഞ്ഞ്, മുങ്ങിക്കൊണ്ടിരിക്കുന്ന അംബാനി കമ്പനിയില്‍ നിക്ഷേപിച്ചത്. നാല് വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ച പണം എന്തിനാണ് മുതലിനും പലിശയ്ക്കും സെക്യൂരിറ്റി ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയിലേക്ക് നിക്ഷേപിച്ചത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. 

നിക്ഷേപ കാലാവധി തീരുന്നതിന് മുന്‍പ് ഫെഡറല്‍ ബാങ്കില്‍നിന്നും 61 കോടി രൂപ പിന്‍വലിച്ചപ്പോള്‍ അതില്‍നിന്നും 20 ലക്ഷം രൂപ നഷ്ടമായി. അതുകൊണ്ടാണ് ആര്‍സിഎഫ്എല്ലിലെ നിക്ഷേപം 60 കോടി 80 ലക്ഷമായത്. ആര്‍സിഎഫ്എല്ലില്‍ ഈ പണം കിടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ 110 കോടി 40 ലക്ഷം കിട്ടണമായിരുന്നു. അതിനു പകരമായാണ് ഏഴര കോടി കിട്ടിയത്. ഫെഡറല്‍ ബാങ്കിലായിരുന്നു പണമെങ്കില്‍ 109 കോടി 30 ലക്ഷം രൂപ കിട്ടുമായിരുന്നു. ഫെഡറല്‍ ബാങ്കിനേക്കാള്‍ ഒരു കോടി രൂപ അധികമായി കിട്ടുമെന്ന് പ്രതീക്ഷിച്ച് ആര്‍സിഎഫ്എല്ലില്‍ പണം നിക്ഷേപിച്ചതോടെ മുതലും പലിശയും പോയി. ഫെഡറല്‍ ബാങ്കില്‍ ഇട്ടിരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ് എന്തിനാണ് 50000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് ഇപ്പോഴത്തെ ധനകാര്യമന്ത്രിയും പഴയ ധനകാര്യമന്ത്രിയും മറുപടി പറയണം– സതീശൻ പറഞ്ഞു.

English Summary:

KFC Investment Scandal: Opposition leader V.D. Satheesan alleges corruption in Kerala Financial Corporation's investment in Anil Ambani's RCom, questioning the transfer of funds from Federal Bank to a high-risk company with massive liabilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com