ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് ഡിസിസി ട്രഷറർ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാര്‍ട്ടി പാര്‍ട്ടിയുടെ അന്വേഷണവുമായി മുന്നോട്ടു പോകും. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കും. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എഫ്ഐആര്‍ എടുത്തതിനെതിരെ ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി അന്വേഷണം പൊലീസ് അന്വേഷണത്തെ ബാധിക്കില്ല.

പാര്‍ട്ടിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അന്വേഷണം. സിപിഎമ്മിനെ പോലെ പാര്‍ട്ടി കോടതി അന്വേഷിച്ച് തീരുമാനം എടുക്കലല്ല. സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സിപിഎമ്മില്‍ പൊലീസ് അന്വേഷണം ഉണ്ടാകാറില്ല, പാര്‍ട്ടി അന്വേഷണം മാത്രമേ നടക്കാറുള്ളൂ. രണ്ടു ദിവസം മുന്‍പാണ് എന്റെ മുന്നില്‍ പരാതി വരുന്നത്. വിജയനെ വ്യക്തിപരമായി അറിയാമായിരുന്നെങ്കിലും ഇതേക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റിനും ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടുമായിരുന്നു.

കുടുംബത്തിന് പാര്‍ട്ടി നേതാക്കള്‍ വഴി സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടോ, അതാണോ ആത്മഹത്യയ്ക്ക് കാരണം എന്നൊക്കെ അന്വേഷിക്കണം. വ്യക്തികളാണെങ്കിലും പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരാണ് ചെയ്തതെങ്കില്‍ പാര്‍ട്ടിക്ക് കുടുംബത്തോട് ഉത്തരവാദിത്തമുണ്ട്. കേസ് ഒതുക്കി തീര്‍ക്കാനല്ല, കുടുംബത്തെ എങ്ങനെ സഹായിക്കാം എന്നാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം അതില്‍ തീരുമാനം എടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നതിനിടയില്‍ അതേക്കുറിച്ച് പറയുന്നത് ഉചിതമല്ല. സത്യസന്ധവും നീതിപൂര്‍വകവുമായ നടപടിയെ സ്വീകരിക്കൂ. 

പെരിയയില്‍ 2 കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടിയ ക്രിമിനലുകളെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി തീവ്രവാദ സംഘടനയാണോ? ഇതുപോലെ ചെയ്താലും പാര്‍ട്ടി നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശമല്ലേ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി വളര്‍ന്നുവരുന്ന തലമുറയ്ക്കു നല്‍കുന്നത്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് പാര്‍ട്ടി നേതാക്കള്‍ ജയിലിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്നതും ജയിലില്‍ എത്തി ആശ്വസിപ്പിക്കുന്നതും. രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ പോയി പുറത്തിറങ്ങുന്നവര്‍ക്കാണ് സാധാരണ സ്വീകരണം നല്‍കുന്നത്. എന്നാല്‍ വളര്‍ന്നു വരുന്ന തലമുറയക്ക് ഏറ്റവും ഹീനമായ സന്ദേശമാണ് സിപിഎം നല്‍കുന്നത്. അതില്‍ അവര്‍ക്ക് ദുഃഖിക്കേണ്ടി വരും.

പി.വി.അന്‍വറുമായി ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാര്‍ട്ടിയും യുഡിഎഫും സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

VD Satheesan on NM Vijayan Suicide: V.D. Satheesan's statement on the N.M. Vijayan suicide emphasizes letting the law take its course. The Congress party will conduct its own investigation while condemning the CPM's response to the Periya case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com