ADVERTISEMENT

പാലക്കാട് ∙ നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സിബിഐയിൽ വിശ്വാസമില്ലാതായി. മക്കളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടു. യഥാർഥ പ്രതികളെ പറയാൻ കഴിയാത്തത് കൊണ്ടാണ് സിബിഐ മാതാപിതാക്കളെ പ്രതി ചേർത്തത്. ഇതിനെ നിയമപരമായി നേരിടുമെന്നും മാതാവ് പറഞ്ഞു.

‘‘സിബിഐയെക്കാൾ കേരള പൊലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കൽ തെളിയും. കേസ് അട്ടിമറിക്കാൻ തന്നെയാണ് സിബിഐയുടെയും ലക്ഷ്യം. യഥാർഥ പ്രതികളിലേക്ക് അവര്‍ക്ക് എത്താൻ കഴിയാത്തതിനാലാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. നേരത്തെ പൊലീസ് നടത്തിയ അന്വേഷണം തെറ്റായ രീതിയിലാണ്. കേസ് അട്ടിമറിക്കപ്പെട്ടു. ഇത് കോടതിക്കും സര്‍ക്കാരിനും ബോധ്യമായതിനാലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നിട്ടും കേസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍’’ – പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

കുഞ്ഞ് മരിക്കുന്നതിനു മുൻപെ പീഡിപ്പിക്കപ്പെട്ട കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഇതിനാലാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് താൻ ഇങ്ങനെ മാധ്യമങ്ങള്‍ക്ക് മുന്നിൽ നിൽക്കുമായിരുന്നില്ല. ആദ്യത്തെ മകള്‍ പീഡനത്തിനിരയായത് അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് തരാൻ ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് അത് ലഭിക്കുന്നത്. അപ്പോഴാണ് രണ്ടു പേരും പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞത്. കേസ് അട്ടിമറിക്കാതിരിക്കാനാണ് അഭിഭാഷകനായ രാജേഷ് മേനോനെ നൽകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇപ്പോഴും രാജേഷ് മേനോനെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഉന്നതരായ വക്കീലന്മാരെ സര്‍ക്കാര്‍ തന്നാലും ഞങ്ങള്‍ക്ക് തൃപ്തി രാജേഷ് മേനോനിലാണെന്നും പെൺകുട്ടികളുടെ മാതാവ് പറഞ്ഞു.

English Summary:

Walayar Case Faces Criticism: CBI investigation into the Walayar girls' case is failing, according to the victims' mother, who believes the agency is attempting to cover up the crime and implicate the parents. She has more faith in the Kerala Police and is fighting for justice for her daughters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com