ADVERTISEMENT

കൊച്ചി ∙ ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ആദ്യ ജയിൽ ദിനം ശാന്തം. ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിക്കുമെന്ന് ഉച്ചവരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും രണ്ടരയോടെ ഇത് പൊലിഞ്ഞു. എന്നാൽ ബന്ധുക്കളുടെയും അഭിഭാഷകരുടെയും സന്ദർശനവും ജയിലിലെ ചിട്ടവട്ടങ്ങളുമായി ബോബി ശാന്തനായിരുന്നു എന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന വിവരം. ബോബിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു പരിഗണിക്കാൻ മാറ്റി.

വ്യാഴാഴ്ച വൈകിട്ട് ഏഴേകാലോടെയാണ് ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചത്. രാവിലെ മറ്റു തടവുകാർക്കൊപ്പം പുറത്തു വന്ന ബോബിയെ ജയിൽ മെഡിക്കൽ ഓഫിസർ പരിശോധിച്ചു. ശേഷം പ്രഭാതഭക്ഷണം. പുതിയ വസ്ത്രങ്ങളുമായി ബന്ധുക്കൾ എത്തി, ഒപ്പം അഭിഭാഷകരും. ഇവർക്കൊപ്പം സമയം ചെലവിട്ടതായിരുന്നു പ്രധാന പരിപാടി. ബന്ധുക്കൾക്കും അഭിഭാഷകർക്കും മാത്രമേ ജയിൽ അധികൃതർ സന്ദർശനത്തിന് അനുമതി നൽകിയുള്ളൂ. ‘ബോചെ ഫാൻസു’കാർ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. വെള്ളിയാഴ്ച ആയതിനാൽ പൂർണമായും വെജിറ്റേറിയൻ ഭക്ഷണമായിരുന്നു ജയിലിൽ. മറ്റു തടവുകാർക്കൊപ്പം ചോറും സാമ്പാറും തോരനും കൂട്ടി ഉച്ചഭക്ഷണം. വൈകിട്ട് ചപ്പാത്തിയും വെജിറ്റബിൾ കറിയും.

ഉച്ചയോടെയാണു ബോബിയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം കോടതി ചേർന്നപ്പോൾ ജാമ്യഹർജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അടിയന്തര പ്രാധാന്യം എന്താണ് എന്നാണു കോടതി ചോദിച്ചത്. ഒട്ടേറെ ഹർജികൾ പരിഗണിക്കാനുണ്ടെന്നും ക്രമമനുസരിച്ച് പരിഗണിക്കാമെന്നും വ്യക്തമാക്കി ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച പരിഗണിച്ചു കൂടെ എന്ന് അഭിഭാഷകൻ ആരാഞ്ഞെങ്കിലും പ്രത്യേക ഇളവൊന്നും സാധ്യമല്ലെന്നു വ്യക്തമാക്കി കോടതി നിരസിച്ചു. പൊതുവേദിയിൽ സംസാരിക്കുമ്പോൾ കുറച്ചു സൂക്ഷിക്കേണ്ടേ എന്നും കോടതി ഇതിനിടയില്‍ വാക്കാൽ പറഞ്ഞു. ഇത്തരം കുറ്റകൃത്യം ഇനി ആവർത്തിക്കില്ല എന്ന് അഭിഭാഷകൻ അറിയിച്ചു.

നടി ഹണി റോസ് നൽകിയ പരാതിക്കു പിന്നാലെ ചൊവ്വാഴ്ച വൈകിട്ടു വയനാട്ടിലെത്തിയ എറണാകുളം സെൻട്രൽ പൊലീസ് സംഘം പിറ്റേന്നു രാവിലെ ഏഴരയോടെ ബോബിയെ കസ്റ്റഡിയിലെടുത്തു കൊച്ചിയിലേക്കു കൊണ്ടുവരികയായിരുന്നു. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യം ലഭിക്കും എന്നായിരുന്നു ബോബിയുടെയും അഭിഭാഷകരുടയും പ്രതീക്ഷ. എന്നാൽ ബോബി ലൈംഗികാധിക്ഷേപം നടത്തിയെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. അങ്ങനെയാണു ലൈംഗികാധിക്ഷേപ കേസിൽ പ്രതിയായി വെള്ളിയാഴ്ച വൈകിട്ട് ബോബി കാക്കനാട് ജില്ലാ ജയിലിലെത്തിയത്.

English Summary:

Boby Chemmanur's Bail Plea Rejected: First Day in Kakkanad Sub-Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com