ഹഷ് മണി കേസിൽ ട്രംപിന് ‘ശിക്ഷ’ വിധിച്ച് ന്യൂയോർക്ക് കോടതി; തടവുമില്ല, പിഴയുമില്ല!
Mail This Article
വാഷിങ്ടൻ ∙ പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന ഹഷ് മണി കേസിൽ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ന്യൂയോർക്ക് കോടതി ഔപചാരികമായി ശിക്ഷ വിധിച്ചു. എന്നാൽ, നിയുക്ത പ്രസിഡന്റായതിനാൽ പ്രത്യേകം ശിക്ഷ വിധിക്കുന്നതു മാൻഹട്ടൻ ജഡ്ജി ജുവാൻ എം.മെർച്ചൻ ഒഴിവാക്കുകയും ചെയ്തു. ഫലത്തിൽ ട്രംപ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചെങ്കിലും ജയിൽശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസിൽ ചുമതല ഏറ്റെടുക്കാനാകും.
നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച ‘ശിക്ഷ’. മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ അദ്ദേഹത്തിനെതിരെ 34 കുറ്റങ്ങളാണു ചുമത്തപ്പെട്ടത്. 2 മാസത്തോളം വിചാരണ നടന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനായും കണ്ടെത്തി. എന്നാൽ, കേസുകളെ ജനം കണക്കിലെടുത്തില്ല, വൻ ഭൂരിപക്ഷത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്കു ജയിപ്പിച്ചു. ഇതോടെയാണു ശിക്ഷയിൽനിന്നു ട്രംപ് രക്ഷപ്പെട്ടത്. 78 വയസ്സുള്ള ട്രംപിനു 4 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റത്തിലാണു വെറുതെവിട്ടതെന്നതും ശ്രദ്ധേയം. എങ്കിലും കുറ്റക്കാരനായ ആദ്യ യുഎസ് പ്രസിഡന്റ് എന്ന വിശേഷണത്തോടെയാകും 20ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക.
ഹഷ് മണി കേസിൽ വിധി പറയുന്നതു നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ട്രംപ് നൽകിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടയാണു ന്യൂയോർക്ക് കോടതി ട്രംപിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഫ്ലോറിഡയിലെ തന്റെ സ്വകാര്യവസതിയിലുള്ള ട്രംപ് വെർച്വലായാണു ഹാജരായത്. മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിനു ജയിൽശിക്ഷ വിധിക്കാൻ താൽപര്യമില്ലെന്നു ന്യൂയോർക്ക് കോടതി പറഞ്ഞിരുന്നു.
എന്താണ് ഹഷ് മണി കേസ്?
ട്രംപുമായി 2006ൽ ഉണ്ടായ ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണു കേസ്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണു പണം നൽകിയത്. 2006ൽ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടതെന്നു സ്റ്റോമി മൊഴി നൽകി. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. തന്റെ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങാതിരിക്കാനാണ് 1.30 ലക്ഷം ഡോളർ നൽകിയതെന്നും സ്റ്റോമി കോടതിയിൽ വ്യക്തമാക്കി.