ഒന്നും അറിയില്ലെന്ന് മന്ത്രി; ഹാക്കിങ് പൊളിഞ്ഞിട്ടും ഗോപാലകൃഷ്ണന്‍ ഇളവ്, പ്രശാന്ത് പുകഞ്ഞ കൊള്ളി

Mail This Article
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ തുടങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടു മാസം പോലും തികയുന്നതിനു മുന്‍പ് തിരിച്ചെടുക്കുന്നു, ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ബി. അശോകിനെ മന്ത്രി പോലും അറിയാതെ വകുപ്പില്‍നിന്നു തെറിപ്പിക്കുന്നു, ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്ത എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടുന്നു. സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്ന ഐഎഎസ് തലപ്പത്ത് നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബി. അശോകിനെ മാറ്റിയതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് മനോരമ ഓണ്‍ലൈനിനോടു പ്രതികരിച്ചത്. അതേസമയം, മന്ത്രിസഭയെടുത്ത തീരുമാനമാണിതെന്നും ഇതേപ്പറ്റി കൂടുതലൊന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി പറയുന്നു. നടപടിയില്‍ കടുത്ത അതൃപ്തിയുണ്ടെങ്കിലും വിവാദങ്ങള്‍ക്കില്ലെന്ന നിലപാടാണ് മന്ത്രിയുടെ വാക്കുകളില്‍ ഉള്ളത്. കൃഷിവകുപ്പില്‍ ഒട്ടേറെ വന്‍കിട പദ്ധതികള്‍ക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാന്‍ പിടിക്കുന്ന സെക്രട്ടറിയെ, മന്ത്രി പോലും അറിയാതെ മാറ്റിയതിനു പിന്നില്‍ ഐഎഎസ് ചേരിപ്പോരിന്റെ കാണാക്കഥകള്‍ ആണെന്നാണ് അടക്കംപറച്ചില്‍.
ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റായ ബി. അശോക്, എന്‍. പ്രശാന്തിനു പിന്തുണ നല്‍കുന്നുവെന്ന ധാരണയാണ് സ്ഥാനം തെറിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഐഎഎസ് ചരിത്രത്തിലെ തന്നെ അപൂര്‍വ നടപടി ആയാണ് ഒരേ ദിവസം രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരായ കെ. ഗോപാലകൃഷ്ണനെയും എന്‍. പ്രശാന്തിനെയും ഒരുമിച്ച് സസ്‌പെന്‍ഡ് ചെയ്തത്. ഒടുവില്‍ അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് ഉള്‍പ്പെടെയുള്ളവരുമായി ഏറെ അടുപ്പമുള്ള ഗോപാലകൃഷ്ണന്‍ അകത്താവുകയും ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പോര്‍മുഖം തുറന്ന എന്‍.പ്രശാന്ത് പുറത്തുതന്നെ നില്‍ക്കുകയും ചെയ്യുന്ന നിലയാണുള്ളത്. ചാര്‍ജ് മെമ്മോയിലെ കാര്യങ്ങള്‍ക്കു വിശദീകരണം തേടി സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ആറോളം കത്തുകള്‍ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് അയച്ചതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായി.
മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ തുടങ്ങിയെന്ന വിവാദത്തെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു 2 മാസം പോലും തികയുന്നതിനു മുന്‍പാണ് സര്‍ക്കാരിന്റെ അതിവേഗ നടപടിയിലൂടെ തിരിച്ചെടുത്തത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു വ്യക്തമാക്കി ഗോപാലകൃഷ്ണന്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ മറുപടി മുഖവിലയ്ക്ക് എടുത്താണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയത് ആരാണ്, എന്തിനു വേണ്ടിയാണ് തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്.
വിഷയത്തില്‍ അടിമുടി ദുരൂഹതയാണ് നിറഞ്ഞുനിന്നിരുന്നത്. ഗോപാലകൃഷ്ണന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഗോപാലകൃഷ്ണന്‍ തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു കൈമാറിയതിനാല്‍ അന്വേഷണവും ഫലപ്രദമായി നടത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. തന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്ന പേരിലും മുസ്ലിം ഉദ്യോഗസ്ഥരുടെ പേരിലും ഗ്രൂപ്പുണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഹാക്കിങ് നടന്നതായി തെളിവില്ലെന്ന് മെറ്റയും ഗൂഗിളും പൊലീസിനെ അറിയിച്ചു.
തുടര്‍ന്ന് ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നിട്ടില്ലെന്നും വിവാദ ഗ്രൂപ്പ് രൂപീകരിച്ച സമയത്ത് 2 ഫോണുകളും അദ്ദേഹത്തിന്റെ കൈവശം തന്നെയുണ്ടായിരുന്നുവെന്നും കാട്ടി ചീഫ് സെക്രട്ടറിക്ക് ഡിജിപി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഗോപാലകൃഷ്ണനോടു ചീഫ് സെക്രട്ടറി വിശദീകരണം തേടി. തനിക്കു ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമന്നുമുള്ള ശുപാര്‍ശയോടെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സസ്‌പെന്‍ഷനു കളമൊരുങ്ങിയത്. എന്നാല്‍ പിന്നീട് ഗോപാലകൃഷ്ണന്‍ നല്‍കിയ മറുപടി കണക്കിലെടുത്താണ് ധൃതഗതിയില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ എടുത്തിരിക്കുന്നത്.
അതേസമയം, എന്‍. പ്രശാന്ത് കുറ്റാരോപണ മെമ്മോയ്ക്കുള്ള മറുപടിയായി ചീഫ് സെക്രട്ടറിയുടെ നടപടികളെ ചോദ്യം ചെയ്ത് കത്തയച്ചതാണ് മേലധികാരികളെ ചൊടിപ്പിച്ചതും നാലു മാസം കൂടി പ്രശാന്ത് പുറത്തുനില്‍ക്കട്ടെ എന്നു തീരുമാനത്തിലേക്ക് എത്തിക്കുകയും ചെയ്തത്. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നടപടി. അഡീ.ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരായി സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചതാണ് പ്രശാന്തിന്റെ സസ്‌പെന്‍ഷനു കാരണം. ജയതിലകും ഗോപാലകൃഷ്ണനും ചേര്‍ന്ന് തനിക്കെതിരെ നീങ്ങുന്നുവെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്.
മെമ്മോയ്ക്ക് എന്‍.പ്രശാന്ത് മറുപടി നല്‍കിയില്ലെന്നും രണ്ടുതവണ കത്ത് നല്‍കിയെങ്കിലും മറുപടിയായി വിശദീകരണക്കത്ത് നല്‍കുകയാണ് പ്രശാന്ത് ചെയ്തതെന്നും പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു. തനിക്ക് മെമ്മോ നല്‍കിയതില്‍ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് മറുപടി നല്‍കിയത്. ചാര്‍ജ് മെമ്മോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറിയും പ്രശാന്തും തമ്മിലുള്ള എഴുത്തുകുത്തുകള്‍ തുടരുന്നിതിനിടെയാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്.
ഇതിനിടയിലാണ് ബി. അശോകിനെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍ നിന്നു മാറ്റി അപ്രതീക്ഷിതമായി തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ അവധിയെടുക്കുന്നതിനാല്‍ അദ്ദേഹം ഉടന്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളിലേക്കു കടക്കില്ലെന്നാണു സൂചന. അശോകിനു പകരം ആരെ കൃഷിവകുപ്പിലേക്കു നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. കമ്മിഷനിലേക്കു നിയമിക്കുന്നതോടെ അശോക് സെക്രട്ടേറിയറ്റിനു പുറത്താകും. ഇപ്പോള്‍ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കമ്മിഷന്‍ അധ്യക്ഷനാകുന്നതോടെ ഈ പദവി ഒഴിയണമെന്ന ആവശ്യമുയരാം.