പാലക്കാട്ട് ഓടിക്കൊണ്ടിരിക്കെ ബസ് കത്തിനശിച്ചു; യാത്രക്കാർ ഉൾപ്പെടെ 27 പേർക്ക് അദ്ഭുതരക്ഷ
Mail This Article
ശ്രീകൃഷ്ണപുരം (പാലക്കാട്) ∙ കോഴിക്കോട്ടുനിന്നു പോണ്ടിച്ചേരി വഴി ചെന്നൈയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. എ വൺ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും 4 ജീവനക്കാരും ബസിലുണ്ടായിരുന്നു. പെട്ടെന്നു തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി ഒൻപതോടെ തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.
ഡ്രൈവറുടെ ഭാഗത്തുനിന്നാണ് പുക ഉയർന്നത്. പുക കണ്ടതോടെ ജീവനക്കാർ യാത്രക്കാരെ വേഗം പുറത്തിറക്കി. പലരും ഉറങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കാനെന്നു കരുതിയാണു പലരും പുറത്തിറങ്ങിയത്. യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെ ബസ് കത്താൻ തുടങ്ങി. പൂർണമായും ബസ് കത്തി നശിച്ചു. കോങ്ങാട്ടുനിന്നും മണ്ണാർക്കാട്ടുനിന്നും അഗ്നിരക്ഷാസേന എത്തിയാണു തീയണച്ചത്. യാത്രക്കാരിൽ ചിലരുടെ ബാഗും മറ്റു രേഖകളും കത്തിനശിച്ചെന്നു പൊലീസ് പറഞ്ഞു.