കോഴിക്കോടിന്റെ സാഹിത്യനഗരം പദവി മുന്നോട്ടു കൊണ്ടുപോകുന്നതു മനോരമ: മേയർ ബീന ഫിലിപ്
Mail This Article
കോഴിക്കോട്∙ സാഹിത്യനഗരം എന്ന അംഗീകാരം എല്ലാ അർഥത്തിലും മുന്നോട്ടുകൊണ്ടുപോകുന്നതു ‘മലയാള മനോരമ’ ആണെന്ന് മേയർ ബീന ഫിലിപ്. ഹോർത്തൂസ് കലാസാംസ്കാരികോത്സവത്തിന്റെ തുടർച്ചയായി നടത്തിയ പ്രതിമാസ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.‘സാഹിത്യ നഗരിയിലേക്ക്’ എന്ന സ്റ്റിക്കർ ബസിൽ പതിപ്പിക്കാൻ മുൻകൈ എടുത്തതു മനോരമയാണെന്നും അവർ പറഞ്ഞു.
‘‘ആദ്യത്തെ 2 വർഷം കൊണ്ട് കോലായ സംസ്കാരം തിരിച്ചുപിടിക്കുമെന്നു സാഹിത്യനഗരം പദവി ലഭിക്കുന്നതിനായി നൽകിയ അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്നു. മനോരമയിലൂടെ കോലായ ചർച്ചകളും സംസ്കാരവും തിരിച്ചു പിടിക്കാൻ കഴിഞ്ഞു. എം.ടി.വാസുദേവൻ നായർ, തന്റെ സ്മരണയ്ക്കു വേണ്ടി സ്മാരകങ്ങളോ പ്രതിമകളോ നിർമിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. പുസ്തകശാലകളിൽ എപ്പോഴും തന്റെ പുസ്തകങ്ങൾ ലഭിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. കോഴിക്കോട്ടുകാരായ എഴുത്തുകാരുടെ മാത്രം പുസ്തകങ്ങൾ ലഭിക്കുന്ന പുസ്തകശാല തുടങ്ങണമെന്ന് ആഗ്രഹമുണ്ട്.’’– ബീന ഫിലിപ് പറഞ്ഞു.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കോഴിക്കോട് നഗരത്തിലേക്കു വരുന്ന ബസുകളിൽ പതിപ്പിക്കുന്നതിനു തയാറാക്കിയ ‘സാഹിത്യ നഗരിയിലേക്ക്’ എന്ന സ്റ്റിക്കർ കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.ടി.വാസുദേവൻ, ടി.കെ.ബീരൻ കോയ, സി.കെ.അബ്ദുറഹ്മാൻ എന്നിവർക്കു കൈമാറി ബീന ഫിലിപ് ഉദ്ഘാനം ചെയ്തു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടി കൃതികൾക്കു നൃത്താവിഷ്കാരമൊരുക്കിയ വിദ്യാർഥികൾ നൃത്താഞ്ജലി അർപ്പിച്ചു. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ വിദ്യാർഥികൾ എംടിയുടെ കൃതികളെ അടിസ്ഥാനമാക്കിയുള്ള നൃത്താവിഷ്കാരമാണ് അവതരിപ്പിച്ചത്. ചേളന്നൂർ എകെകെആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നിളാ നാഥ് എംടിയുടെ രണ്ടാമൂഴം കേരള നടനമായി അവതരിപ്പിച്ചു. ഗായകൻ സുമേഷ് താമരശ്ശേരി, അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ജയചന്ദ്രൻ പാടിയ ‘കേവല മർത്യ ഭാഷ കേൾക്കാത്ത’ എന്ന ഗാനം ആലപിച്ചു.
‘എംടി സ്മൃതി’ ചർച്ചയിൽ 2 സെഷനുകളിലായി പ്രമുഖർ സംസാരിച്ചു. ആദ്യത്തെ സെഷൻ ‘എംടി അനുഭവം ഓർമ’യിൽ എഴുത്തുകാരായ ഡോ.എം.എം.ബഷീർ, എൻ.പി.ഹാഫിസ് മുഹമ്മദ്, കെ.എസ്.വെങ്കിടാചലം എന്നിവർ എംടിയുമായുള്ള ഓർമകൾ പങ്കുവച്ചു. ‘എംടി കാലം കാലാതീതം’ ചർച്ചയിൽ കൽപറ്റ നാരായണൻ, യു.കെ.കുമാരൻ, കെ.പി.സുധീര, വി.ആർ.സുധീഷ് എന്നിവർ സംസാരിച്ചു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ചർച്ച നയിച്ചു. എഴുത്തുകാർ, യുവാക്കൾ, വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തു.